പാലാ കാവുംകണ്ടം പള്ളിയിലെ ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്തു
1532323
Thursday, March 13, 2025 12:02 AM IST
പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞുതകര്‍ത്ത നിലയില്‍. രാത്രിയിലാണ് അക്രമം നടന്നത്.
ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് ഗ്രോട്ടോയുടെ മുന്‍വശത്തെ ചില്ലു തകര്‍ന്നു കിടക്കുന്നത് കണ്ടത്. സംഭവമറിഞ്ഞു നിരവധി വിശ്വാസികള്‍ സ്ഥലത്തെത്തി. വിവരം പോലീസില്‍ അറിയിച്ചു. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണോ ഇതെന്നു പരിശോധിക്കണമെന്നും പള്ളി വികാരി ഫാ. ഫ്രാന്‍സിസ് എടത്തനാലും പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും വിശ്വാസികളും ആവശ്യപ്പെട്ടു.
ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് നിര്‍ദേശം നൽകി. സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മുന്‍ പ്രസിഡന്റ് ഉഷാ രാജു, ഡിസിസി സെക്രട്ടറി ആ ര്‍. സജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സുമിത് ജോര്‍ജ്, സിബി അഴകന്‍പറമ്പില്‍, കെ.എസ്. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പാലാ ഡിവൈഎസ്പി കെ.സദനും മേലുകാവ് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് അന്വേഷണം ഊര്‍ജിതം
കടനാട്: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ മുന്‍വശമുള്ള ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലാ ഡിവൈഎസ് പി.കെ. സദന്റെ നേതൃത്വത്തില്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ ഗ്രോട്ടോക്കു സമീപമുള്ള വഴിയിലൂടെ രണ്ടു കിലോമീറ്ററിലധികം ഓടി കാവുംകണ്ടം -നീലൂര്‍ റോഡില്‍ എത്തി നിന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മാണി സി. കാപ്പന് എംഎല്‍എ
കാവുംകണ്ടം: സെന്റ് മരിയ ഗൊരേത്തി പള്ളിയുടെ മുന്‍വശത്തുള്ള പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാണി സി. കാപ്പന് എംഎല്‍എ ആവശ്യപ്പെട്ടു.
ജോസ് കെ. മാണി എംപി
കടനാട്: പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകര്‍ത്ത സാമൂഹ്യവിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് ചീഫ്, പാലാ ഡിവൈഎസ്പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം
കാവുംകണ്ടം: മാതാവിന്റെ ഗ്രോട്ടോയുടെ ഗ്ലാസ് ഇന്നലെ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാലിന്റെ അധ്യക്ഷതയില്‍ യോഗം നടന്നു.
എകെസിസി പ്രസിഡന്റ് ജോജോ പടിഞ്ഞാറയില്‍, ഫോറോന പ്രസിഡന്റ് ബിനു വള്ളോംപുരയിടം, ഡേവിസ് കല്ലറക്കല്‍, ബിജു ഞള്ളായില്‍, അഭിലാഷ് കോഴിക്കോട്, രാജു അറക്കകണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.