കിഴിവ് അവസാനിപ്പിച്ച് ഉടന്‍ നെല്ല് സംഭരിക്കണം: നെല്‍കര്‍ഷക സംരക്ഷണ സമിതി
1532326
Thursday, March 13, 2025 12:02 AM IST
കോട്ടയം: കിഴിവ് കൊള്ള അവസാനിപ്പിക്കണമെന്നും കൊയ്തിട്ടിരിക്കുന്ന നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നെല്‍ കര്‍ഷക സംരക്ഷണ സമിതി (എന്കെഎസ്എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പാഡി ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.
സംസ്ഥാന സെക്രട്ടറി മാത്യൂസ് കോട്ടയത്തിന്റെ അധ്യക്ഷതയില്‍ നെല്‍ കര്‍ഷക സംരക്ഷണസമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരും മില്ലുകാരും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തുന്ന കിഴിവ്കൊള്ളയിലൂടെ കോടിക്കണക്കിനു രൂപയാണ് അടിച്ചുമാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ നടത്തിയ കിഴിവ്കൊള്ളയിലൂടെ വെട്ടിപ്പ് നടത്തിയ കോടിക്കണക്കിനു രൂപയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, കെ.ബി. മോഹനന്, പി.വേലായുധന് നായര്‍, ആര്. അജയകുമാര്‍, വിനോദ് ചാമക്കാല, സുനു പി. ജോര്‍ജ്, എം.കെ. സത്യന്ദ്രന്, ജോസ്കുട്ടി വെള്ളേക്കളം എന്നിവര്‍ പ്രസംഗിച്ചു.