നാളുകളുടെ കാത്തിരിപ്പിന് വിരാമം : പാലക്കാലുങ്കല്‍ പാലം യാഥാര്‍ഥ്യമാകുന്നു
1532602
Thursday, March 13, 2025 7:12 AM IST
കോട്ടയം: നാളുകളുടെ കാത്തിരിപ്പിന് വിരാമം. പനച്ചിക്കാട് പുതുപ്പള്ളി പഞ്ചായത്തുകളിലെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന വെള്ളൂത്തുരുത്തിയിലെ പാലക്കാലുങ്കല്‍ പാലം യാഥാര്‍ഥ്യമാകുന്നു. ആറു മാസം മുമ്പാരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
കാല് നൂറ്റാണ്ട് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് പാലം നിര്‍മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍, സങ്കേതിക തകരാര്‍ മൂലം ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലം തകര്‍ന്നു വീണു. പിന്നീട്, പാലം നിര്‍മാണത്തിന് നടപടികള്‍ തുടങ്ങിയെങ്കിലും ബലപരിശോധനാ റിപ്പോര്‍ട്ടില്‍ ഗുരുതര പാകപ്പിഴ കണ്ടതിനാല്‍ കരാറുകാരന് നിര്‍മാണം ഉപേക്ഷിച്ചു.
വെള്ളൂത്തുരുത്തി തോടിന് കുറുകെയാണ് പാലക്കാലുങ്കലിലെ പാലം ഉയരുന്നത്. കര്‍ഷകരും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പാലം വന്നാല്‍ കാര്‍ഷിക മേഖലക്ക് വലിയ ഗുണകരമാവും. നിലവില്‍ പനച്ചിക്കാട്ടുകാര് ഞാലിയാകുഴിയിലെത്തിയാണ് പുതുപ്പളളിക്ക് പോകുന്നത്. പാലം പണി തീര്‍ന്നാല്‍ അഞ്ചു കിലോമീറ്ററോളം ദൂരം കുറയും. ഇത് വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ സഹായകരമാകും.
ജി. സുധാകരന് പൊതുമരാമത്ത് മന്ത്രിയായിരിക്കെ പാലം പണിയാന്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്തിയില്ല. എസ്റ്റിമേറ്റ് തുക കുറഞ്ഞതായിരുന്നു കാരണം. തുടര്‍ന്ന് മന്ത്രി വി.എന്‍. വാസവന് മുന്‍കൈയെടുത്ത് ഒന്‍പത് കോടി 50 ലക്ഷം രൂപ പാലത്തിനായി അനുവദിച്ചു.
കിഫ്ബി പദ്ധതി പ്രകാരമാണ് നിലവില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. പാലം പണി ഇത്തവണയെങ്കിലും പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.