തിടനാട്ടിൽ 15.38 കോടിയുടെ ബജറ്റ്
1532361
Thursday, March 13, 2025 12:03 AM IST
തിടനാട്: വികസനപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് ഉതകുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ടും തിടനാട് പഞ്ചായത്ത് ബജറ്റ്. മുന്‍ബാക്കി 55,43,373 രൂപയും നികുതി, നികുതിയേതര വരവുകളും സര്‍ക്കാര്‍ ഗ്രാന്റുകളും മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ള വരവുകളും വായ്പയും പ്രാരംഭ ബാക്കിയും ഉള്‍പ്പെടെ ആകെ 15,38,04,853 രൂപ വരവും അനിവാര്യ ചുമതലകള്‍, പദ്ധതി-പദ്ധതിയേതര ചെലവുകള്‍ ഉള്‍പ്പെടെ 14,72,61,480 രൂപ ചെലവും 65,43,373 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് ലീന ജോര്‍ജ് ബജറ്റ് അവതരിപ്പിച്ചു.
ദുര്‍ബല വിഭാഗങ്ങളുടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ക്ഷേമത്തിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റ് ഭവന നിര്‍മാണത്തിനും മാലിന്യസംസ്കരണത്തിനും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും പ്രതിരോധങ്ങള്‍ക്കും ദുരന്തനിവാരണ കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷാമം-പകര്‍ച്ചവ്യാധി പരിഹരിക്കുന്നതിനും ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുന്നു.