കടവുപുഴ പാലം പുനർനിർമിക്കാത്തതിന് പിന്നിൽ ഗൂഢാലോചനയെന്ന്
1532360
Thursday, March 13, 2025 12:03 AM IST
പാലാ: മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകർന്നിട്ടു വർഷങ്ങളായെങ്കിലും പുനർനിർമിക്കാത്തതിനു പിന്നിൽ ചിലരുടെ ഗൂഢാലോചനയാണെന്ന് രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി.
പ്രളയത്തിൽ തകർന്ന പാലം നിർമാണത്തിനു പിന്നീട് അവതരിപ്പിച്ച നാല് ബജറ്റുകളിലും തുക അനുവദിക്കാത്തതും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പാലം നിർമിക്കാൻ സർക്കാർ അനുമതി നൽകാത്തതും മൂന്നിലവ്-കടവുപുഴ-മേച്ചാൽ-ചക്കിക്കാവ് റോഡ് പൊതുമരാമത്ത് ആസ്തിയിൽ ഉൾപ്പെടുത്താത്തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്നിലവ് പഞ്ചായത്തിലെ നടപ്പാക്കാൻ കഴിയാത്ത ചില്ലച്ചി പാലത്തിനായി ബജറ്റിൽ അനുവദിച്ച 3.86 കോടി രൂപ കടപുഴ പാലത്തിനായി മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതെല്ലാം ദുരിതമനുഭവിക്കുന്ന മലയോര നിവാസികളോടുള്ള കടുത്ത അവഗണനയാണ്.
സർക്കാർ അടിയന്തര തീരുമാനമെടുത്താൽ ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലം നിർമാണം ആരംഭിക്കാൻ കഴിയും. പാലത്തിന്റെ എസ്റ്റിമേറ്റും സോയിൽ ടെസ്റ്റും പൂർത്തിയാക്കിയതാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ജനറൽ സെക്രട്ടറി പീറ്റർ പന്തലാനി അധ്യക്ഷത വഹിച്ചു.