മെഡിക്കൽ കോളജിൽ വൃക്കദിനാചരണം ഇന്നും നാളെയും
1532603
Thursday, March 13, 2025 7:12 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വൃക്കദിനാചരണം ഇന്നും നാളെയുമായി നടത്തും.
ലോക വൃക്കദിനമായ ഇന്ന് രാവിലെ 9.30ന് സൂപ്രണ്ട് ഓഫീസിനു സമീപം നടക്കുന്ന ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് ദിനാചരണം ഉദ്ഘാടനം ചെയ്യും. നെഫ്രോളജി വിഭാഗം മേധാവി പ്രഫ. ഡോ. സെബാസ്റ്റ്യൻ ഏബ്രഹാം മലയിൽ ലോക വൃക്കദിന സന്ദേശം നൽകും. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. അജിത്കുമാർ പ്രസംഗിക്കും.
വൃക്കദിന സന്ദേശം പങ്കുവയ്ക്കുന്ന സ്കിറ്റ്, ഫ്ലാഷ് മോബ് അവതരണം നടക്കും. ലോക വൃക്കദിന തീമിന്റെ നിറങ്ങളിലുള്ള ബലൂണുകൾ പറപ്പിക്കും.
നാളെ രാവിലെ 10ന് മെഡിക്കൽ കോളജ് പി.ജി.ആർ. ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ. അജിത്കുമാർ അധ്യക്ഷത വഹിക്കും. നെഫ്രോളജി വിഭാഗം മേധാവി പ്രഫ.ഡോ. സെബാസ്റ്റ്യൻ ഏബ്രഹാം വിഷയാവതരണം നടത്തും.
മെഡിക്കൽ കോളജ് ആശുപ്രത്രിയിൽ ദീർഘകാലം വൃക്കരോഗ ചികിത്സാ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ നെഫ്രോളജി വിഭാഗം മുൻ മേധാവിയും മുൻ പ്രിൻസിപ്പലുമായ ഡോ. കെ.പി. ജയകുമാർ, യൂറോളജി വിഭാഗം മുൻ മേധാവി ഡോ. സുരേഷ് ഭട്ട് എന്നിവരെ ആദരിക്കും.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ രോഗികൾക്ക് നാളുകളായി ആശ്വാസം പകരുന്ന സന്നദ്ധ സംഘടനകളായ നവജീവൻ ട്രസ്റ്റ്, ആശ്രയ, അസൻഷൻ സേവന നിലയം, അതിരമ്പുഴ മദർ തെരേസാ ചാരിറ്റബിൾ ട്രസ്റ്റ്, കാരുണ്യ നിലയം, കരുണാലയം, സേവാഭാരതി സേവന നിലയം എന്നിവയെ ആദരിക്കും.
ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആർ. രതീഷ് കുമാർ, ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, നഴ്സിംഗ് സൂപ്രണ്ട് ഇ.സി. ശാന്തമ്മ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രഫ.ഡോ.എ. ശോഭ,
അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ജെ. ലത, നെഫ്രോളജി വിഭാഗം പ്രഫസർ ഡോ. കെ.എസ്. സജീവ്കുമാർ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ഉണ്ണിക്കൃഷ്ണൻ രാമചന്ദ്രൻ, ഡോ. കൃഷ്ണ സുരേഷ് എന്നിവർ പ്രസംഗിക്കും.