റെയിൽവേസ്റ്റേഷനിലെ ടാക്സിക്കാർ പണിമുടക്കി
1532607
Thursday, March 13, 2025 7:12 AM IST
കോട്ടയം: ടൗണ്‍ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ പാസ് നല്‍കിയതില്‍ പ്രതിഷേധിച്ച് റെയില്‍വേ സ്റ്റേഷനിലെ ടാക്സിക്കാർ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തി.
കുമാരനല്ലൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷയ്ക്കാണ് റെയില്‍വേ അധികൃതര്‍ പാസ് നല്‍കിയത്. ഇതറിഞ്ഞ ടാക്സിക്കാര്‍ സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിച്ചെങ്കിലും സ്റ്റേഷന് മാസ്റ്റര്‍ ഗൗനിച്ചില്ലെന്നു മാത്രമല്ല, ധിക്കാരപരമായ നിലപാടാണെടുത്തതെന്ന് ടാക്സി തൊഴിലാളികള്‍ പറഞ്ഞു. ഇതോടെ ഇന്നലെ രാവിലെ 8.15 മുതല്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി.
തുടര്‍ന്ന് 11.15ന് സ്റ്റേഷന്മാസ്റ്റര് നേരിട്ടെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷയ്ക്ക് റെയില്‍വേയില്‍ പ്രവേശനം അനുവദിക്കില്ലെന്നറിയിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിച്ചത്.