തീക്കോയി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു
1532359
Thursday, March 13, 2025 12:03 AM IST
തീക്കോയി: മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് തീക്കോയി ടൗൺ ഹരിത ടൗണായി പഞ്ചായത്ത് പ്രഖ്യാപിച്ചു.
കാമ്പയിന്റെ ഭാഗമായി വ്യാപാരി-വ്യവസായി പ്രതിനിധികളുടെയും ഓട്ടോ-ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടുകൂടി ടൗൺ സമ്പൂർണ മാലിന്യമുക്ത ടൗണായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും രണ്ടു ബിന്നുകൾ നിർബന്ധമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികൾ സ്ഥാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഭവനങ്ങളിലും ബയോ ബിന്നുകളും പൊതുസ്ഥാപനങ്ങളിൽ ജി-ബിന്നുകളും നൽകിവരുന്നു.
പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത കേരളം മിഷൻ, ആർജിഎസ് എ, കില തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് ഗ്രേഡിംഗ് നടത്തുകയും ന്യൂനതകൾ പരിഹരിച്ച് പഞ്ചായത്ത് ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം പഞ്ചായത്ത് എല്ലാ പൊതുസ്ഥാപനങ്ങളും ഗ്രേഡിംഗ് നടത്തി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയുണ്ടായി. പഞ്ചായത്തിലെ 84ഓളം അയൽക്കൂട്ടങ്ങളെ ഗ്രേഡിംഗ് നടത്തി ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രം ഹരിത ടൂറിസ കേന്ദ്രമായി പ്രഖ്യാപിച്ച് മാർമലയിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും സുരക്ഷാ ജീവനക്കാരും ക്ലീനിംഗ് സ്റ്റാഫും ഉൾപ്പെടെയുള്ള ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ബയോ ടോയ്ലറ്റ്, സിസിടിവി കാമറ, ടേക് എ ബ്രേക്ക് എന്നീ പ്രോജക്ടുകൾ നിർമാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിനു മുന്നോടിയായി മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിൽ നടന്ന ഹരിത ടൗൺ പ്രഖ്യാപന യോഗത്തിൽ പ്രസിഡന്റ് കെ. സി. ജയിംസ് അധ്യക്ഷത വഹിച്ചു.