ലഹരിമാഫിയ, അക്രമിസംഘങ്ങളെ അടിച്ചമര്‍ത്തണം: മാര്‍ തോമസ് തറയില്‍
1532622
Thursday, March 13, 2025 7:33 AM IST
അക്രമങ്ങള്‍ക്കും ലഹരിക്കുമെതിരേ ഓപ്പണ്‍ റേഡിയോ സ്റ്റുഡിയോയുമായി മീഡിയാ വില്ലേജ്
ചങ്ങനാശേരി: സ്റ്റുഡിയോയുടെ എസി മുറികളില്‍നിന്നു ജനങ്ങള്‍ക്കിടയിലേക്ക് എത്തി ഓപ്പണ്‍ റേഡിയോ പ്രക്ഷേപണമെന്ന മീഡിയാ വില്ലേജിന്റെ നൂതന ആശയം ഏറെ ജനശ്രദ്ധ നേടി. വര്‍ധിച്ചുവരുന്ന അക്രമത്തിനും ലഹരിക്കുമെതിരേ ജനമനഃസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.
പെരുന്ന ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ഇടവേളകളില്ലാതെ ഓപ്പണ്‍ റേഡിയോ പ്രക്ഷേപണം നടന്നത്. റേഡിയോ ജോക്കിമാര്ക്കൊപ്പം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മതനേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഓപ്പണ്‍ റേഡിയോ സ്റ്റുഡിയോ പ്രക്ഷേപണം ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയ അക്രമി സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ പൊതുസമൂഹം ഭീതിയിലാണന്നും ഇവരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇച്ഛാശക്തി കാണിക്കണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, തുടങ്ങിയവർ റേഡിയോ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. മാത്യു മുര്യങ്കരി, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, വിപിന്‍ രാജ്, മീര, കെ.സി. ജോജോ എന്നിവര്‍ നേതൃത്വം നല്കി.