സാമൂഹ്യാവസ്ഥയുടെ ഉള്ളുപൊള്ളിക്കുന്ന ചിത്രങ്ങളുമായി വൈക്കം സത്യഗ്രഹ സ്മാരകം
1532321
Thursday, March 13, 2025 12:02 AM IST
സുഭാഷ് ഗോപി
വൈക്കം: മനുഷ്യനെ മൃഗത്തേക്കാള്‍ നികൃഷ്ടനായി നോക്കിക്കണ്ടിരുന്ന ഒരു സാമൂഹ്യാവസ്ഥയുടെ ഉള്ളുപൊള്ളിക്കുന്ന ചിത്രങ്ങള്‍ വൈക്കം സത്യഗ്രഹ സ്മാരകത്തിലെ മ്യൂസിയത്തിലെത്തിയാല്‍ തൊട്ടറിയാം.
വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും ജാലകം തുറന്നുതരുന്ന വൈക്കം സത്യഗ്രഹ മ്യൂസിയം മഹാത്മജി ബോട്ടിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടിയുടെ സമീപത്താണ്. വൈക്കം സത്യഗ്രഹ സമരത്തിലെ സംഭവ ബഹുലമായ അനര്‍ഘനിമിഷങ്ങളും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനവുമെല്ലാം പഴയകാല രേഖകളിലൂടെയും ചിത്രങ്ങളിലൂടെയും മ്യൂസിയത്തില്‍ അനാവരണം ചെയ്യപ്പെടുന്നു.
സത്യഗ്രഹ സ്മാരക മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള മഹാത്മജിയുടെ അര്‍ധകായ പ്രതിമയാണ് സ്മാരകത്തിലെ മുഖ്യാകര്‍ഷണം. അധഃസ്ഥിതര്‍ക്ക് നിരത്തില്‍ പരിധി നിശ്ചയിച്ചിരുന്ന തീണ്ടാപ്പലക സത്യഗ്രഹികള്‍ എടുത്തെറിയുന്ന ശില്‍പ്പം, വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പ്രവേശിക്കാനായി നില്ക്കുന്ന വിശ്വാസികളുടെ ശില്പവുമൊക്കെ നൂറുവര്‍ഷം മുമ്പത്തെ സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. സത്യഗ്രഹ സ്മാരകത്തിലെത്തി മ്യൂസിയം സന്ദര്‍ശിച്ച് പുറത്തിറങ്ങുന്നൊരാള് പോയകാലത്തെ മനുഷ്യര്‍ നേരിട്ട കൊടിയ പീഡനങ്ങളും യാതനകളും ഉള്‍ക്കൊണ്ടാണു മടങ്ങുന്നത്.
നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളേക്കാള്‍ അവഗണന സഹിച്ചു ജന്മത്തെ ശപിച്ചു ജീവിച്ച മനുഷ്യരുടെ ജീവിതദൈന്യം ഒരു യാഥാര്ഥ്യമായിരുന്നെന്നു പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയില്‍ ഇറങ്ങിയത്, കായല്‍ക്കര പ്രസംഗം, ഇണ്ടംതുരുത്തി മനയിലെ ചര്‍ച്ച, ഗാന്ധിജി - ശ്രീനാരായണഗുരു കൂടിക്കാഴ്ച തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ രേഖകള്‍ ഇവിടെയുണ്ട്. റിസപ്ഷന്, ഗാലറി, വൈക്കം സത്യഗ്രഹത്തിനു മുമ്പത്തെ ജനജീവിതം, സത്യഗ്രഹത്തിലെ പ്രധാന സംഭവങ്ങള്‍, തീണ്ടാപ്പലകയും സമരസേനാനികളും ഇങ്ങനെ നീണ്ടുപോകുന്നു മ്യൂസിയത്തിലെ കാഴ്ചകള്‍. സമരസേനാനികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ ഗാലറി, ആര്‍ട്ട് ഗാലറി, റിസര്‍ച് സെന്റര്‍, ഉദ്യാനം, മിനി തിയറ്റര്‍, ഇന്ററാക്ടീവ് സ്ക്രീന്‍, ഇന്ററാക്ടീവ് കിയോസ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. നാലു ഹാളുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള പുരാരേഖകള്‍, രേഖാചിത്രങ്ങള്‍, പകര്‍പ്പുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഗാന്ധി ഗാലറി എന്നിവയാണു മറ്റു സവിശേഷതകള്‍.
603 ദിവസം നീണ്ടുനിന്ന ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വൈക്കം സത്യഗ്രഹം അയിത്തത്തിനെതിരായി രാജ്യത്ത് ആദ്യം നടന്ന പോരാട്ടമായാണ് കണക്കാക്കപ്പെടുന്നത്.
നായയും പൂച്ചയുമടക്കമുള്ള മൃഗങ്ങള്‍ നിരത്തിലൂടെ സഞ്ചരിക്കുമ്പോഴും നിരത്തില്‍നിന്ന് ആട്ടിപ്പായിച്ച് സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരുജനസഞ്ചയത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യഗ്രഹം.