കെട്ടിടം അപകടാവസ്ഥയിൽ; എരുമേലി മൃഗാശുപത്രി മാറ്റി
1532312
Wednesday, March 12, 2025 10:35 PM IST
എരുമേലി: കെട്ടിടത്തിലെ അപാകതകൾമൂലം എരുമേലി മൃഗാശുപത്രിയുടെ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്കു മാറ്റി. എരുമേലി പഞ്ചായത്ത് ഓഫീസിനോട് ചേർന്നു പഞ്ചായത്തുവക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ വെറ്ററിനറി ഡിസ്പെൻസറിയാണ് പ്രവർത്തനം നിർത്തിയത്. പഞ്ചായത്ത് ഓഫീസ് - പ്രൈവറ്റ് ബസ് സ്റ്റാൻഡ് ബൈപാസ് റോഡിൽ പെൻഷൻഭവനു സമീപം സ്വകാര്യ കെട്ടിടത്തിലേക്കാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം മാറ്റിയത്.
ഗുണനിലവാരമില്ലാത്ത പണികൾ നടത്തിയാണ് കെട്ടിടം നിർമിച്ചതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. മൃഗാശുപത്രിയുടെ മേൽക്കൂരയിൽ ചോർച്ചയും കോൺക്രീറ്റിലെ കമ്പികൾ തെളിയുകയും ചെയ്തതോടെ ചോർച്ച പരിഹരിക്കാൻ ഷീറ്റുകളിട്ടു റൂഫിംഗ് നടത്തിയിരുന്നു. എന്നാൽ, തറകളിലെ ടൈലുകൾ ഇളകുകയും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തകർച്ച പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ പ്രവർത്തനം ബുദ്ധിമുട്ടിലായി.
മരുന്നുകൾ സൂക്ഷിക്കാൻ സൗകര്യം പരിമിതമായതും കെട്ടിടത്തിന്റെ തകർച്ചയും മൂലം കഴിഞ്ഞ ദിവസം പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നതോടെയാണു സ്വകാര്യ കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തനം ഇവിടേക്കു മാറ്റിയത്.
മൃഗാശുപത്രിയുടെ പുനർനിർമാണത്തിന് ഇനി എസ്റ്റിമേറ്റ് തയാറാക്കണം. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കേണ്ടത്. തുടർന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്കു മൃഗസംരക്ഷണവകുപ്പ് ഫണ്ട് അനുവദിക്കണം. ഇതിന് ശേഷം ടെൻഡർ ചെയ്ത് പണികൾ നടത്തി പൂർത്തിയാകുന്നത് വരെ വാടകക്കെട്ടിടത്തിൽ മൃഗാശുപത്രിയുടെ പ്രവർത്തനം തുടരേണ്ടി വരും. വാടകക്കെട്ടിടത്തിൽ അസഹനീയമായ ചൂട് മൂലം ജീവനക്കാർ വലയുകയാണെന്ന് പരാതിയുണ്ട്.
പുനർനിർമാണം നടത്തി പോരായ്മകൾ പരിഹരിക്കാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായിട്ടുണ്ട്. ഒപ്പം മൃഗാശുപത്രിയുടെ അടുത്തുള്ള ശുചിമുറികളും കൃഷിഭവനു വേണ്ടി നിർമാണം നടത്തി പണികൾ നിർത്തിവച്ച കെട്ടിടവും പൊളിച്ചുനീക്കാനും കമ്മിറ്റിയിൽ തീരുമാനിച്ചിട്ടുണ്ട്. മൃഗാശുപത്രി നവീകരണം ഉൾപ്പെടെ പുനർനിർമാണം നടത്താൻ ഫണ്ട് നൽകാമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
2007 ജനുവരിയിലാണ് മുകളിൽ മൃഗാശുപത്രിയും താഴത്തെ നിലയിൽ ഹോമിയോ ഡിസ്പെൻസറിയുമായി ഇരുനില കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തത്.