കർഷകർക്ക് ആശങ്കയായി വേനല്‍മഴ; പരിഹരിക്കാതെ കിഴിവു തര്‍ക്കം
1532623
Thursday, March 13, 2025 7:33 AM IST
ചങ്ങനാശേരി: കിഴിവ് തര്‍ക്കം പരിഹരിക്കാനാതെ ചര്‍ച്ചകള്‍ നീളുന്നു. കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പാടശേഖരങ്ങളില്‍നിന്നും നെല്ല് നീങ്ങുന്നില്ല. അത്ര ശക്തമല്ലെങ്കിലും ചങ്ങനാശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പെയ്ത മഴ കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തി. വാഴപ്പള്ളി പഞ്ചായത്തിലെ തൂപ്രം 230 ഏക്കര്‍, പുറത്തേരി 100 ഏക്കര്‍, പാറേക്കടവ് 14.5 ഏക്കര്‍ പാടശേഖരങ്ങളിലാണ് കൊയ്ത നെല്ല് സംഭരണം നടക്കാതെ കൂട്ടിയിട്ടിരിക്കുന്നത്.
കിഴിവ് സംബന്ധിച്ച് ഇന്നലെ നെല്‍കര്‍ഷക സമിതിയും കോട്ടയം ജില്ലാ കളക്ടറും ജില്ലാ പാഡി ഓഫീസറും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ കാര്യമായ തീരുമാനത്തിലെത്താതെ പിരിഞ്ഞത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലാ പാഡി ഓഫീസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. നെല്ല് സംഭരണം സംബന്ധിച്ച് തീരുമാനമാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെയും കര്‍ഷക കോണ്‍ഗ്രസിന്റെയും തീരുമാനം.
നെല്ലു കെട്ടിക്കിടക്കുന്ന പാടശേഖരങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മജീഷ് മാത്യുവിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തോമസുകുട്ടി മണക്കുന്നേല്‍, ജോര്‍ജ് ജേക്കബ്, കെ.എ. ഏബ്രഹാം, പാപ്പച്ചന് നേര്യംപറമ്പില്‍, കെ.പി. മാത്യു, ബേബിച്ചന് പുത്തന്‍പറമ്പില്‍, കെ.എ. റാഷിദ്, അപ്പച്ചന് മൂശാരിപ്പറമ്പില്‍, റ്റോമി കലമറ്റം, കര്‍ഷകരായ ജോസുകുട്ടി വെള്ളേക്കളം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.