പാന്പാടി ‘ഹൈടെക് ’ബസ് സ്റ്റാൻഡ്
1532601
Thursday, March 13, 2025 7:12 AM IST
പാമ്പാടി: കോട്ടയത്തിനും പൊൻകുന്നത്തിനും ഇടയിലെ പ്രധാന ടൗൺ ആയ പാമ്പാടിയിലെ ബസ്സ്റ്റാൻഡ് അവഗണനയുടെ പടുകുഴിയിൽ. കോൺഗ്രസ് എംഎൽഎയുള്ള പുതുപ്പള്ളി മന്ധലത്തിലെ എൽഡിഎഫ് ഭരിക്കുന്ന പാമ്പാടി പഞ്ചായത്തിലെ ബസ് സ്രറ്റാൻഡാണ് യാതൊരു അടിസ്ഥാനപരമായി യാതൊരു സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുന്നത്. നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിലെ കോൺക്രീറ്റ് പൊട്ടി കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാകട്ടെ നൂറു പേർക്കു തികച്ചു നിൽക്കാൻ ഇടമില്ല.
ഇരിപ്പിടങ്ങളാകട്ടെ ഒറ്റകമ്പിയിൽ തീർത്തവയും. ഇതിൽ ഇരിക്കണമെങ്കിൽ നല്ല ബാലൻസ് വേണം, പലപ്പോഴും ആളുകൾ നിലത്താണ് ഇരിക്കുന്നത്. മഴ പെയ്താൽ അകത്തു നിൽക്കുന്നതും പുറത്തു നിൽക്കുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല. മേൽക്കൂരയുടെ പൈപ്പുകൾ പലതും ഒടിഞ്ഞു തൂങ്ങിയ നിലയിലാണുള്ളത്. കംഫർട്ട് സ്റ്റേഷന്റെ സൗകര്യം തീർത്തും അപര്യാപ്തമാണ്. രാത്രികാലങ്ങളിൽ പലപ്പോഴും വെളിച്ചമുണ്ടാകാറില്ല. കൂടാതെ രാത്രി ഏഴിനു ശേഷം കഴിഞ്ഞാൽ ബസുകൾ സ്റ്റാൻഡിൽ കയറാറുമില്ല.
അനധികൃതമായി സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം പലപ്പോഴും ബസുകൾക്ക് പാർക്ക് ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. അധികൃതർ വിഷയത്തിൽ ശ്രദ്ധചെലുത്തുന്നില്ല എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഏഴു കോടി രൂപ അർബൻ ഡവലപ്മെന്റ് കോർപറേഷനിൽനിന്നു വായ്പ എടുത്ത് ബസ് സ്റ്റാന്ഡ് സമുച്ചയം നിർമിക്കുമെന്നു അധികാരികൾ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ലായെന്നും നാട്ടുകാർ പറയുന്നു.
നൂറു കണക്കിനാളുകൾ ദിവസവും വന്നുപോകുന്ന സ്റ്റാൻഡിന്റെ അടിസ്ഥാന വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.