വല്ലാത്ത ചൂടല്ലേ; പറമ്പിലും മുറ്റത്തും പാമ്പ് വരാം
1532322
Thursday, March 13, 2025 12:02 AM IST
കോട്ടയം: വേനല്‍ കടുത്തതോടെ ജനവാസമേഖലകളില്‍ പാമ്പുശല്യം വര്‍ധിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 248 പാമ്പുകളെയാണ് ജില്ലയിലെ വിവിധ ജനവാസ മേഖലകളില്‍നിന്ന് വനംവകുപ്പിന്റെ പരിശീലനം നേടിയവര്‍ പിടികൂടിയത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ പരിശീലനം ലഭിച്ചവരുടെ മൊബൈല്‍ ആപ്പ് സര്‍പ്പയില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. ഇതിനു പുറത്തുള്ളതുകൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും.
വേനല്‍ മാസങ്ങള്‍ ഇണചേരല്‍ കാലം കൂടിയാണ്. ഇതിനൊപ്പം ചൂട് വര്‍ധിച്ചതും പാമ്പുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് എത്താന്‍ കാരണമാണ്. ഇണചേരല്‍ അവസാനിച്ചതോടെ നാടിറക്കത്തിന് കുറവുണ്ടാകാമെങ്കിലും തണുപ്പ് തേടി പാമ്പുകള്‍ എത്തുന്നത് തുടരുമെന്ന് വനം പാലകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് മൂര്‍ഖന്‍ പാമ്പുകളെ കൂടുതലായി കാണുന്നുണ്ട്. മൂര്‍ഖന്‍ പാമ്പുകള്‍ കഴിഞ്ഞിരുന്ന കല്ലു കെട്ടുകളും മാളങ്ങളും നിര്‍മാണങ്ങള്‍ക്കും മറ്റും പൊളിച്ചുനീക്കുന്നതിനാലാണ് ഇവ കൂടുതലായി ജനവാസ മേഖലയിലേക്ക് എത്തുന്നത്.
കഴിഞ്ഞവര്‍ഷം 755 പാമ്പുകളെ ജനവാസ മേഖലയില്‍നിന്നു പിടികൂടി. വീടുകള്‍ക്കുസമീപം പാമ്പുകളെ കണ്ടാല്‍ സര്‍പ്പ ആപ്പില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധഖപ്പെടാമെന്നും റെസ്ക്യു സംഘം എത്തി പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലത്തെ ആദ്യമഴയത്ത് പാമ്പുകള്‍ മാളങ്ങളില്‍നിന്നു പുറത്തെത്തുന്നതും പതിവാണ്.
വനംവകുപ്പിന്റെ കണക്കു പ്രകാരം രണ്ട് വര്‍ഷത്തിനിടെ ആറു പേരാണ് ജില്ലയില്‍ പാമ്പുകടിയേറ്റ് മരിച്ചത്. 2023-24ല്‍ മൂന്നുപേര്‍ മരിച്ചു. 35 പേര്‍ക്കു പാമ്പ് കടിയേറ്റു. 2024-25ല്‍ മൂന്നുപേര്‍ക്ക് മരണം സംഭവിച്ചു. 54 പേര്‍ക്കാണു കടിയേറ്റത്. സംസ്ഥാനത്താകെ മരണം 31.
രാവും പകലും
ജാഗ്രത വേണം
വീടിനുസമീപം ചപ്പുചവറുകള്‍ കൂട്ടിയിടരുത്. ചപ്പുചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് പാമ്പുകള്‍ തണുപ്പുതേടി എത്തും.
വീടും പരിസരവും വൃത്തിയായിരിക്കണം. വസ്തുക്കള്‍ വീട്ടുപരിസരത്ത് കൂട്ടിയിടരുത്.
ഷൂസ് പോലുള്ളവ നന്നായി കൊട്ടി പരിശോധിച്ചശേഷം മാത്രം ധരിക്കുക.
വീടിനോട് ചേര്‍ന്ന് വിറക് കൂട്ടിയിടരുത്.
ചെടിച്ചട്ടികളും ഗ്രോബാഗുകളും എപ്പോഴും ശ്രദ്ധിക്കുക. ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതിനാല്‍ തണുപ്പു തേടി പാമ്പുകളെത്താം.
രാത്രിയാത്രയില്‍ വളിച്ചം കരുതുക.
പരിചയമില്ലാത്തവരുടെ പാമ്പുപിടിത്തം അപകടം.