ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരായ പ്രചാരണം വ്യാജമെന്ന് മാതാപിതാക്കള്‍
1531705
Monday, March 10, 2025 7:11 AM IST
കടുത്തുരുത്തി: ജോലിസമയം കഴിഞ്ഞതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടതിനാൽ പാമ്പുകടിയേറ്റ കുരുന്നിന് ചികിത്സ കിട്ടാന്‍ വൈകിയെന്ന പ്രചാരണം അടിസ്ഥനരഹിതമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് മുളക്കുളം മഴുവഞ്ചേരീല് എം.വി. അജി പറഞ്ഞത്: വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മുളക്കുളം ഗവണ്മെന്റ് യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ അഥര്‍വ് (ആറ്) അമ്മ രമ്യയുടെ വെള്ളൂരിലെ തറവാട്ട് വീട്ടിലേക്കു പോയി. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് കുട്ടി പോയത്.
വീട്ടിലെത്തി വാഹനത്തില്‍നിന്ന് ഇറങ്ങി വീട്ടിലുള്ളവരോടൊപ്പം മാതാവ് മുറ്റത്ത് സംസാരിച്ചു നില്‍ക്കുന്നതിനിടെ കാലില്‍ എന്തോ കുത്തിയെന്നും വേദനയെടുക്കുന്നുവെന്നും പറഞ്ഞ് അഥര്‍വ് നിലവിളിച്ചു. ഉടന്‍തന്നെ രമ്യയും ഇവരുടെ സഹോദരന്റെ ഭാര്യ ആനിയുമായി ചേര്‍ന്ന് സ്കൂട്ടറില്‍ ഏഴോടെ കുട്ടിയെ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഈ സമയത്ത് മുളക്കുളം പഞ്ചായത്തിലെ ഡ്രൈവറായ അച്ഛന് അജിയും സഹോദരന് അദ്വൈതും ആശുപത്രിയിലെത്തി. ഡോക്ടര്‍ കുത്തിവയ്പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍തന്നെ 108 ആംബുലന്‍സ് വിളിച്ചു നല്കി. എത്തിയത് 12 മണിക്കൂര്‍ ഓടുന്ന ആംബുലന്‍സാണ്. അടുത്ത ആംബുലന്‍സ് വരാന്‍ വൈകുമെന്നും മോനിപ്പള്ളിയില്വച്ചു കുട്ടിയെ ആംബുലന്‍സില്‍ മാറ്റി കയറ്റുന്നതില്‍ ബുദ്ധിമുട്ടുണ്ടോയെന്നും ആംബുലന്‍സിലെ നഴ്സ് (എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷന്‍) ചോദിച്ചു. ഈ സമയത്തുതന്നെ മറ്റൊരു ആംബുലന്‍സ് കുത്താട്ടുകുളത്തുനിന്നും വരുമെന്നും നഴ്സ് പറഞ്ഞു.
ആംബുലന്‍സ് മാറിക്കയറുന്നതില് കുഴപ്പമില്ലെന്നും ആശുപത്രിയില്‍ എത്രയും വേഗം എത്തിച്ചാല്‍ മതിയെന്നും അജി പറഞ്ഞു. ഇതുസരിച്ചാണ് കുട്ടിയുമായി 7.25 ഓടെ ആംബുലന്‍സ് ഇവിടെനിന്നു പോകുന്നത്. 7.45 ഓടെ മോനിപ്പള്ളിയിലെത്തിയപ്പോള് അവിടെ മറ്റൊരു ആംബുലന്‍സ് കുട്ടിയെ കൊണ്ടുപോകാനായി എത്തിയിരുന്നു.
രണ്ടാമത്തെ ആംബുലന്‍സിലേക്ക് ഡോര്‍ തുറന്ന് കുട്ടിയെ മാറ്റാന്‍ ആദ്യത്തെ ആംബുലന്‍സിലെ ഡ്രൈവറാണ് സഹായിച്ചത്. ഏറ്റുമാനൂര്‍ ഭാഗത്ത് എത്താറായപ്പോള്‍ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ച അഥര്‍വിനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചു.
യഥാസമയം കൃത്യമായി ചികിത്സ ലഭിച്ച കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. മൂര്‍ഖന്‍ പാമ്പിന്റെപോലെ വിഷമുള്ള ഏതോ പാമ്പാണ് കടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിടര്‍ന്ന പൂ പോല എന്തോ ഒന്നിനെ മാതാവിന്റെ വീട്ടുമുറ്റത്ത് നില്ക്കുമ്പോള് കണ്ടതായി ഇന്നലെ അഥര്‍വ് രക്ഷിതാക്കളോട് പറഞ്ഞു. ഇടതുകാലിന്റെ പത്തിയിലാണ് കടിയേറ്റിട്ടുള്ളത്.
ആശുപത്രിയിലെത്തിയ സമയത്ത് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ആംബുലന്‍സ് മാറിക്കയറിയെന്ന വിവരവും ഡോക്ടര്‍മാരോടും മറ്റു ജീവനക്കാരോടും പരിചയക്കാരോടും പറഞ്ഞിരുന്നു. ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചര്‍ച്ചകളൊന്നും അറിയില്ലെന്നും കുട്ടി എത്രയും വേഗം സുഖം പ്രാപിച്ചു വീട്ടിലേക്ക് പോകാനാണ് പ്രാര്‍ഥനയെന്നും ആശുപത്രിയില്‍ കുട്ടിക്കൊപ്പമുള്ള അജി പറഞ്ഞു. ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും അജി അറിയിച്ചു.
വിവാദം തളര്‍ത്തിയെന്ന് ആംബുലന്‍സ് ജീവനക്കാര്‍
കടുത്തുരുത്തി: പാമ്പുകടിയേറ്റ കുട്ടിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ജോലിസമയം കഴിഞ്ഞെന്നു പറഞ്ഞ് വഴിയില്‍ ഉപേക്ഷിച്ചെന്നും പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ചാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നുമുള്ള വാര്‍ത്തകള്‍ തങ്ങളെ മാനസികമായി വേദനിപ്പിച്ചതായി 108 ആംബുലന്‍സിലെ നഴ്സ് ബിന്‍സി ജോസും ഡ്രൈവര്‍ അനുജിത്ത് സാജുവും പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കേണ്ട അവസ്ഥയുണ്ടായെന്നും ഇരുവരും പറഞ്ഞു.
നിരവധിപ്പേർ ഫോണില്‍ വിളിച്ചു ചീത്ത പറഞ്ഞു. ഇതു മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കാണിച്ചുതരാമെന്ന് വരെ ഫോണില്‍ വിളിച്ചവര്‍ ഭീഷിണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.
തിരുവനന്തുപരത്തെ കോള്‍ സെന്ററിലാണ് ആംബുലന്‍സ് സേവനത്തിന് 108ല്‍ വിളിക്കുന്ന കോളുകള്‍ എത്തുന്നത്. അവിടെനിന്നാണ് ഏത് വാഹനമാണ് കേസ് എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. തങ്ങള്‍ ജോലി ചെയ്യുന്നത് 12 മണിക്കൂര്‍ ഡ്യൂട്ടിയിലുള്ള വാഹനത്തിലാണ്. പിറവം ആശുപത്രിയിലെത്തിച്ച കുട്ടിയെ24 ണിക്കൂര്‍ സേവനം ചെയ്യുന്ന ആംബുലന്‍സിലാണ് കൊണ്ടുപോകേണ്ടിയിരുന്നത്.
അത് കൂത്താട്ടുകുളത്തുനിന്നും എത്താന്‍ 20 മിനിട്ട് സമയം എടുക്കുമെന്നതിനാലാണ് അടുത്ത് ലഭ്യമായ വാഹനമെന്ന നിലയില്‍ പിറവത്തുണ്ടായിരുന്ന തങ്ങളുടെ വാഹനത്തിലേക്ക് കോള്‍ വന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ വിവാദങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടില്ലെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതായും ബിന്‍സിയും അനുജിത്തും പറയുന്നു.
കടുത്തുരുത്തി സ്വദേശിനിയായ ബിന്‍സി നാലു വര്‍ഷമായും പിറവം രാമമംഗലം സ്വദേശിയായ അനുജിത്ത് രണ്ട് വര്‍ഷമായും 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്നവരാണ്.