വേനൽച്ചൂട് കനത്തതോടെ കാർഷികവിളകൾ കരിഞ്ഞുതുടങ്ങി
1531463
Sunday, March 9, 2025 11:44 PM IST
കാഞ്ഞിരപ്പള്ളി: വേനൽച്ചൂട് കനത്തതോടെ കാർഷികവിളകൾ കരിഞ്ഞുണങ്ങിത്തുടങ്ങി. കടുത്ത ചൂടില്‍ പുഴ, തോട്, കിണര്‍ ഉള്‍പ്പെടെ വറ്റിവരണ്ടു തുടങ്ങിയതിനു പുറമേയാണു കൃഷികള്‍ ഉണങ്ങി നശിക്കുന്നത്. റബർതൈകൾ, ജാതി, പച്ചക്കറികൾ, വാഴ, കുരുമുളക് തുടങ്ങിയവയാണ് കരിഞ്ഞുണങ്ങിയതിൽ കൂടുതലും. ഇത് കടുത്ത സാമ്പത്തികനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാക്കുന്നത്.
വേനലിനെ പ്രതിരോധിക്കാനായി കാർഷികവിളകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ടും വെള്ളം നനച്ചും സംരക്ഷിച്ചിട്ടും കടുത്ത ചൂടിൽ വിളകളെല്ലാം ഉണങ്ങിപ്പോകുകയാണെന്ന് കർഷകർ പറയുന്നു.
മുൻ വർഷങ്ങളിൽ വേനലിനെ പ്രതിരോധിക്കാനായി കാർഷികവിളകൾക്ക് ഓല കൊണ്ട് മറ നിർമിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതോടെ പരിചരണം നൽകിയിട്ടും തൈകളെല്ലാം നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു. ഏത്തവാഴ കൃഷി ചെയ്ത പല കര്‍ഷകരും ദൂരെസ്ഥലങ്ങളില്‍നിന്ന് വെള്ളം കൊണ്ടുവന്ന് നനയ്ക്കേണ്ട അവസ്ഥയിലാണ്. വെള്ളമൊഴിച്ചിട്ടും കൃഷിക്ക് കാര്യമായ ഗുണമില്ലാതാവുകയാണെന്ന് കർഷകർ പറയുന്നു. ചൂടിന്റെ കാഠിന്യത്തില്‍ കുലച്ച വാഴകള്‍ പോലും ഒടിഞ്ഞുവീഴുന്ന സ്ഥിതിയാണ്.
കിണറുകളിലെയും തോടുകളിലെയും വെള്ളം വറ്റിത്തുടങ്ങിയതോടെ കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യവും ലഭിക്കുന്നില്ല. മിക്ക കർഷകരും വെള്ളത്തിനായി തോടുകളെയായിരുന്നു ആശ്രയിച്ചിരുന്നത്.
ഇടയ്ക്ക് മഴ ലഭിച്ചെങ്കിലും ചൂട് കനത്തതോടെ ഗ്രാമപ്രദേശങ്ങളിലെ തോടുകളും ആറുകളും തുടങ്ങിയ ജലസ്രോതസുകളെല്ലാം പൂർണമായി വറ്റി. കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയ പലര്‍ക്കും കൃഷി നശിച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.