റോഡില്‍ അപകടക്കെണികള്‍ : എംസി റോഡില്‍ യാത്ര ദുഷ്കരം
1531696
Monday, March 10, 2025 7:11 AM IST
കോട്ടയം: റോഡുകളില്‍ അപകടക്കെണികള്‍ എംസി റോഡില്‍ യാത്ര ദുഷ്കരം. അടുത്ത നാളില്‍ റോഡ് റീടാർ ചെയ്തപ്പോള്‍ കട്ടിംഗിന് ഉയരം വച്ചതോടെയാണ് യാത്ര ദുഷ്കരമായത്. കോടിമത, മണിപ്പുഴ, നാട്ടകം, നാഗമ്പടം പാലം, സ്റ്റാര്‍ ജംഗ്ഷന് എന്നിവടങ്ങളിൽ റോഡും ഫുട്പാത്തും തമ്മില്‍ രണ്ടടിയോളം ഉയര വ്യത്യാസം വന്നിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും മാത്രമല്ല വലിയ വാഹനങ്ങള്‍ വരെ ഇവിടെ അപകടത്തില്‍പെടുന്നു. വാഹനങ്ങള്‍ ഒതുക്കുമ്പോള്‍ റോഡില്‍ നിന്നു താഴേക്ക് മറിഞ്ഞാണ് അപകടം.
നാഗമ്പടത്ത് അടുത്തനാളില്‍ ഇത്തരത്തിൽ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് വീട്ടമ്മ മരിച്ചിരുന്നു. ടാറിംഗ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഫുട്പാത്തും റോഡിനോടു ചേര്‍ന്നുള്ള ഭാഗവും ഉയര്‍ത്തുന്നതിന് അധികൃതര്‍ തയാറായിട്ടില്ല.
ഓരോ തവണ റീടാറിംഗ് കഴിയുമ്പോള്‍ റോഡും ഫുട്പാത്തും തമ്മിലുള്ള അന്തരം കൂടി വരുകയാണ്. ഈ അപകടം ഒഴിവാക്കാന്‍ പൊതുമാരാമത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
എംസി റോഡ് കിലോമീറ്ററോളം വിണ്ടുകീറി
കോട്ടയം: എംസി റോഡില്‍ കിലോമീറ്ററോളം ഭാഗത്ത് ടാറിംഗ് വിണ്ടു കീറി. ഏറ്റുമാനൂര്‍ 101 കവല മുതല്‍ നീലിമംഗലം വരെയുള്ള ഭാഗത്താണ് റോഡിന്റെ ഒരു വശത്തെ ടാറിംഗ് കീറി പോളിഞ്ഞിരിക്കുന്നത്.
തെള്ളകം കാരിത്താസ് ജംഗ്ഷനില്‍ വലിയ രീതിയിലാണ് ടാറിംഗ് വിണ്ടുകീറിയിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങള്‍ വീണ്ടു കീറിയ ഭാഗത്തൂ കൂടി പോകുന്പോൾ അപകടപ്പെടുന്നത് പതിവാണ്.
അടുത്ത നാളില്‍ വിണ്ടു കീറിയ ചില ഭാഗങ്ങളില്‍ പൊതുമരാമത്ത് അധികൃതര്‍ ടാര്‍ ഒഴിച്ചു പോയിരുന്നു. ജില്ലയിലെ പ്രധാന റോഡില്‍ കിലോമീറ്ററോളം ഇങ്ങനെ ടാറിംഗ് വീണ്ടു കീറിയിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.