സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മുണ്ടക്കയത്തെ ടേ​ക്ക് എ ​ബ്രേ​ക്ക് കേ​ന്ദ്രം
Sunday, September 22, 2024 2:19 AM IST
മു​ണ്ട​ക്ക​യം: ബൈ​പാ​സി​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന വി​ശ്ര​മകേ​ന്ദ്രം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ശു​ചി​മു​റി​യും ടീ ​ഷോ​പ്പ് അ​ട​ക്കം ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണ് മു​ണ്ട​ക്ക​യം ബൈ​പാ​സി​ലും കോ​സ്‌വേ ​ജം​ഗ്ഷ​നി​ലു​മാ​യി ര​ണ്ടു വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

ഉ​ദ്ഘാ​ട​ന​ത്തി​നുശേ​ഷം ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ാനു​മ​തി ന​ൽ​കി. എ​ന്നാ​ൽ, ക​രാ​റെ​ടു​ത്ത വ്യ​ക്തി ഇ​വി​ടെ ചി​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ത​ട്ടു​ക​ട മോ​ഡ​ലി​ൽ ടീ ​ഷോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ക​രാ​ർ അ​വ​സാ​നി​ച്ച് വീ​ണ്ടും ലേ​ല​ത്തി​ൽ വ​ച്ച​തോ​ടെ മു​ന്പ് ക​രാ​ർ എ​ടു​ത്ത വ്യ​ക്തി കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ന്‍റെ ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻഭാ​ഗ​ത്ത് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്ന് ലേ​ല​ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെട്ടു.

‌സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി​യി​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ ലേ​ലം മു​ട​ങ്ങു​ക​യും ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​വി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


ഇ​പ്പോ​ൾ രാ​ത്രികാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ യു​വാ​ക്ക​ളു​ടെ​യും മ​ദ്യ​പ​ന്മാ​രു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തും മു​ന്പി​ൽ നി​ർ​മി​ച്ച ത​ട്ടു​ക​ട​യു​ടെ സ്ഥ​ല​ത്തും പ​ര​സ്യ​മാ​യി മ​ദ്യ​പാ​നം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു സ​മീ​പ​ത്താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കി​യ ഓ​പ്പ​ൺ ജിം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ളവർക്ക് വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലെ സാ​മൂ​ഹ്യവി​രു​ദ്ധശ​ല്യം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടുണ്ട്.

നിയമതടസങ്ങൾ നീക്കും: പഞ്ചായത്ത് പ്രസിഡന്‍റ്

നി​യ​മത​ട​സ​ങ്ങ​ൾ നീ​ക്കി വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉട​ൻ ആ​രം​ഭി​ക്കുമെന്ന് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖാ ദാസ്. ഇ​തി​നാ​യി കു​ടും​ബ​ശ്രീ​ക്ക് വ​ിശ്ര​മകേ​ന്ദ്രം കൈ​മാ​റി. കുടും​ബ​ശ്രീ​യു​ടെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് ഇ​തി​ന്‍റെ നട​ത്തി​പ്പുചു​മ​ത​ല. വി​ശ്ര​മകേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കുന്ന​തോ​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.