തിടനാട് ചിറ്റാറിൽ മരം വീണിട്ട് ഒന്നര വർഷം; വെട്ടിമാറ്റാൻ നടപടിയില്ല
1454778
Saturday, September 21, 2024 12:10 AM IST
തിടനാട്: തിടനാട് പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തിന്റെ പിൻവശത്തുകൂടി ഒഴുകുന്ന ചിറ്റാറിന്റെ തീരത്ത് നിന്നിരുന്ന വലിയ മരം തിടനാട് ടൗണിൽ പാലത്തിന് സമീപം ആറ്റിലേക്കു വീണുകിടക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി.
മരം വീണുകിടക്കുന്നതു മൂലം വെള്ളത്തിൽക്കൂടി ഒഴുകി വരുന്ന ചപ്പുചവറുകൾ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ മരത്തിന്റെ ശിഖരങ്ങളിൽ തടഞ്ഞ് വെള്ളപ്പൊക്കത്തിനും അതുവഴി മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകാൻ സാധ്യതയേറെയാണ്. മരത്തോടു ചേർന്ന് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതു മൂലം വെള്ളം ചീത്തയാകുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. കൊതുകുശല്യവും രൂക്ഷമാണ്. എന്നാൽ ഇതൊന്നും അറിഞ്ഞമട്ടിലല്ല അധികൃതർ.
ആറ്റിൽ വീണുകിടക്കുന്ന മരം ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി വെട്ടിമാറ്റുന്നതിനു പഞ്ചായത്ത്, വില്ലേജ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.