ശബരി വിമാനത്താവളം: റവന്യു വകുപ്പിനു മെല്ലെപ്പോക്ക്
1454780
Saturday, September 21, 2024 12:21 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് പുതിയ വിജ്ഞാപനം വന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികള്‍ക്കു രൂപരേഖയായില്ല. സാമൂഹികാഘാത പഠനം നടത്താന്‍ തൃക്കാക്കര ഭാരത്മാതാ കോളജ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തുന്നതായി സര്‍ക്കാര്‍ അസാധാരണ ഗെസറ്റ് പുറപ്പെടുവിച്ചിരുന്നു. റവന്യൂ വകുപ്പിനുവേണ്ടി ജില്ലാ കളക്ടറാണ് അറിയിപ്പ് കോളജിന് കൈമാറേണ്ടത്.
മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നുള്ള വിവരമല്ലാതെ ഭാരത്മാതാ കോളജിലോ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലോ നോട്ടീസ് ലഭിച്ചിട്ടില്ല. മാത്രവുമല്ല മൂന്നു മാസത്തെ കാലാവധിയാണ് പഠനത്തിനും റിപ്പോര്‍ട്ടിനുമായി അനുവദിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിന് ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളോടും സമീപത്തുള്ള കുടുംബാംഗങ്ങളോടും വിവരങ്ങള്‍ ആരായാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ചുമതലപ്പെട്ടവര്‍ പറയുന്നത്.
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 ഹെ ക്ടർ (2570 ഏക്കര്‍) സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. എസ്റ്റേറ്റിനു പുറത്തുള്ള 362 കുടുംബങ്ങളെയും ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ സൊസൈറ്റിയാണ് നിലവില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാര്‍.
സാമൂഹികാഘാത റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിച്ചാല്‍തന്നെ ഇവരെ നേരില്‍ സന്ദര്‍ശിച്ചും യോഗങ്ങള്‍ വിളിച്ചുചേര്‍ത്തും തുടര്‍ നടപടികള്‍ക്കും മാസങ്ങള്‍ വേണ്ടിവരും. ലയങ്ങളും വീടുകളും വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസം സംബന്ധിച്ചും ധാരണയുണ്ടാകണം.
അടുത്ത ജൂണില്‍ സ്ഥലം ഏറ്റെടുത്ത് നിര്‍മാണ നടപടികള്‍ തുടങ്ങുമെന്നായിരുന്നു ആദ്യപ്രഖ്യാപനം.
റവന്യു വകുപ്പ് മുഖാന്തരമാണ് സാമൂഹികാഘാത പഠനം സംബന്ധിച്ച നിര്‍ദേശങ്ങളും ഉത്തരവുകളും കൈമാറേണ്ടത്. പ്രദേശത്തെ 1,441 താമസക്കാരെയും ചെറുവള്ളി എസ്റ്റേറ്റിലെ 875 തൊഴിലാളികളെയുമാണ് ബാധിക്കുക. പൊന്‍പുഴ വനവും മണിമലയാറും നിരവധി റോഡുകളും അതിരിട്ട പ്രദേശമാണ്. പരിസ്ഥിതി, പ്രളയം, കാലാവസ്ഥ തുടങ്ങി വിഷയങ്ങളും പഠന പരിധിയില്‍ വരും.