ആറളം ഫാമിൽ അങ്കണവാടിയുടെ മതിൽ കാട്ടാന തകർത്തു
1545190
Friday, April 25, 2025 1:53 AM IST
ഇരിട്ടി: ആറളം ഫാമിൽ ബ്ലോക്ക് പത്തിലെ അങ്കണവാടിയുടെ മതിൽ കാട്ടാന തകർത്തു. മതിൽ തകർത്തശേഷം അങ്കണവാടിയോടു ചേർന്ന പ്ലാവിലെ ചക്കയും കാട്ടാന തിന്നു. ഇന്നലെ പുലർച്ചെ രണ്ടോടെ അങ്കണവാടിക്ക് സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ആർആർടി സംഘം മോഴയാനയെ18 ഏക്കറിലേക്ക് തുരത്തിയിരുന്നു.
മോഴയാന തന്നെയാണ് മതിൽ പൊളിച്ചതെന്നാണു നിഗമനം.
കഴിഞ്ഞ ദിവസം ഫാം കൃഷിയിടത്തിൽ ആറാം ബ്ലോക്കിലെ കഞ്ഞിപ്പുര കാട്ടാനക്കൂട്ടം തകർത്തിരുന്നു. ഫെബ്രുവരി 23 ന് വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു ഫാമിൽ വനംവകുപ്പ് സംഘം മുഴുവൻ സമയവും പരിശോധനയുമായി രംഗത്തുണ്ടെങ്കിലും കാട്ടാനശല്യത്തിനു ശമനമില്ല. രണ്ട് ഘട്ടങ്ങളിലായി പുനരധിവാസ മേഖലയിൽ നിന്നും ഫാം കൃഷിയിടത്തിൽ നിന്നും 51 ആനകളെ തുരത്തി ആറളം വന്യജീവി സങ്കേതത്തിൽ കയറ്റുകയും ചെയ്തിരുന്നു.
രണ്ട് മാസത്തിനിടെ ഏഴു വീടുകൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. ബ്ലോക്ക് ഒമ്പതിൽ ഭാസ്കരൻ തലക്കുളം എന്ന ഗൃഹനാഥൻ അരമണിക്കൂറോളം മോഴയാനക്ക് മുന്നിൽപെട്ട സംഭവം ഉണ്ടായിട്ടുണ്ട്.