വിട പറഞ്ഞത് കൃഷിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തിയ കർമയോഗി
1544909
Thursday, April 24, 2025 2:02 AM IST
പയ്യന്നൂർ: പയ്യന്നൂരിന് നഷ്ടമായത് കൃഷിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തി ജനഹൃദയങ്ങളിൽ വേരോട്ടമുണ്ടാക്കിയ കെആർ എന്ന ദ്വയാക്ഷരങ്ങളിൽ അറിയപ്പെട്ടിരുന്ന സിപിഎമ്മിന്റെ ജനകീയ മുഖം. 1968ൽ സിപിഎം അംഗത്വം നേടി അഞ്ചര പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതം വിരുദ്ധ ചേരികളിലുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും കെആറിനെ സ്വീകാര്യനാക്കി.
ഗണേഷ് ബീഡി തൊഴിലാളിയായിരിക്കെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണു ട്രേഡ് യൂണിയൻ രംഗത്ത് സജീവമാകുന്നത്. ഭക്ഷ്യസമരം, മിച്ച ഭൂമി സമരം, പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയവയിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. നഗരസഭ കൗൺസിലറായും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച കെആർ പയ്യന്നൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സിപിഎം അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറി, കെആർസിഐടിയു പയ്യന്നൂർ ഏരിയാ പ്രസിഡന്റ്,വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി, കൈരളി ഹോട്ടൽ, പയ്യന്നൂർ ദിനേശ് ബീഡി സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റ്, ദിനേശ് കേന്ദ്രസംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
രാവിലെ എഴുന്നേറ്റാലുടൻ വയലിലെ ജോലികളിൽ മുഴുകുന്ന കെആർ അതിനുശേഷമാണ് സൈക്കിളിൽ നഗരത്തിലെത്തി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. ആറു പ്രാവശ്യം സൈക്കിൾ മോഷണം പോയി. കെആറിന്റെ സൈക്കിളാണെന്ന് വാർത്തകളിലൂടെ അറിയുന്ന മോഷ്ടാക്കൾ നാലുപ്രാവശ്യം യഥാസ്ഥാനത്ത് സൈക്കിൾ തിരിച്ചെത്തിച്ചു. 2011ൽ നടന്ന കർഷക സമരത്തിന്റെ ഭാഗമായി നടന്ന സർക്കാർ ഓഫീസ് ഉപരോധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കെആറിന്റെ പുരയിടം ജപ്തി ചെയ്യാൻ മുൻസിഫ് കോടതിയുടെ ഉത്തരവുണ്ടായിരുന്നു.
സിപിഎം നേതാക്കൾ മുൻസിഫ് കോടതിയിൽ പിഴയൊടുക്കിയാണ് ജപ്തി നടപടികൾ പിൻവലിപ്പിച്ചത്.
മുഖ്യമന്ത്രി അനുശോചിച്ചു
സിപിഎം പയ്യന്നൂർ മുൻ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ കെ. രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മൂന്ന് ദശാബ്ദത്തിലേറെ പയ്യന്നൂർ ഏരിയ കമ്മറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം പയ്യന്നൂരിന്റെ വികസന പ്രവർത്തനങ്ങളിലും ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.