ബംഗാൾ സ്വദേശിക്ക് കുത്തേറ്റ സംഭവം: യുവതികളടക്കം മൂന്നുപേർ അറസ്റ്റിൽ
1545181
Friday, April 25, 2025 1:53 AM IST
കണ്ണൂർ: നഗരത്തിൽ ബംഗാൾ സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുത്തു (37), ആയിക്കര സ്വദേശിനി ഫാസില (40), കൊല്ലം സ്വദേശിനി സഫൂറ (42) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ 22ന് പുലർച്ചെ ഒന്നോടെ. റെയിൽവേ കിഴക്കേ കവാടത്തിനു സമീപത്ത് വച്ച് പശ്ചിമബംഗാൾ സ്വദേശി രഞ്ജിത്ത് മങ്കാറിനെ (40) കുത്തി പരിക്കേൽപ്പിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ പോലീസാണ് ഇയാളെ വയറിന് ഗുരുതരമായ കുത്തേറ്റ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ മുത്തുവുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കുത്താനുപയോഗിച്ച കത്തി സ്വാതന്ത്ര്യസമര സ്തൂപത്തിനടുത്ത മൾട്ടി പാർക്കിംഗ് കേന്ദ്രത്തിൽനിന്ന് ടൗൺ സിഐ ശ്രീജിത്ത് കൊടേരി, എസ്ഐ വി.വി. ദീപ്തി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.