അലങ്കാര മത്സ്യക്കൃഷി പരിശീലന ക്ലാസ്
1544917
Thursday, April 24, 2025 2:02 AM IST
ചെറുപുഴ: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയിലുൾപ്പെടുത്തി പെൺകുട്ടികൾക്കായി അലങ്കാര മത്സ്യക്കൃഷി പരിശീലനം ആരംഭിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്കും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചത്.
15നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ രണ്ടുദിവസമായി നടക്കുന്ന പരിശീലനം. ചെറുപുഴ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മത്സ്യകൃഷി പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. രാധ, പി. ഗീത, ടി. സജിന എന്നിവർ പ്രസംഗിച്ചു. ഡോ. പി. ഡോണ, ഡോ. ചിത്ര സോമൻ, ആശ ഗോപൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇന്ന് അക്വേറിയ നിർമാണത്തെക്കുറിച്ച് കർഷകനായ മാത്യു തോമസ് ക്ലാസെടുക്കും.