നവപുരം മതാതീത ദേവാലയ മഹോത്സവം 26 മുതൽ
1544918
Thursday, April 24, 2025 2:02 AM IST
ചെറുപുഴ: പ്രാപ്പൊയിൽ കക്കോട്ടെ നവപുരം മതാതീത ദേവാലയ മഹോത്സവം 26 മുതൽ മേയ് നാലു വരെ നടക്കും. 26ന് വൈകുന്നേരം 3:30ന് പ്രാപ്പൊയിൽ നാരായണൻ കൊടി ഉയർത്തും. തുടർന്ന് ഗ്രന്ഥം നിറ, അക്ഷരദീപം കൊളുത്തൽ, തീർഥാടക സ്വീകരണം, കാവ്യാർച്ചന, ബാവുൽ ഗായിക ശാന്തി പ്രിയയുടെ ബാവുൽ ഗാനാർച്ചന, ഗസൽ ഗായകൻ എറണാകുളം താൻസെന്റെ നേതൃത്വത്തിൽ ഗസൽ ഗാനാവതരണം, 150 ലധികം ഭാഷകളിൽ പാടി ശ്രദ്ധേയയായ സൗവർണിക താൻസന്റെ ഗാനാവതരണവം നടക്കും.
27ന് രാവിലെ 10 മുതൽ പുസ്തക സമർപ്പണം. മൗലിക കൃതി അവതരണത്തിനുള്ള ചെറുശേരി കലാസാഹിത്യ സഭ, ബഹുഭാഷാ കവിസമ്മേളനം. ബ്യാരി, കന്നട, തുളു, ഉറുദു, സംസ്കൃതം, ഹിന്ദി, മറാഠി, ഇംഗ്ലീഷ്, ഹവ്യക, കാരഡ, മലയാളം തുടങ്ങിയ ഭാഷകളിൽ കവിതകൾ എഴുതുന്ന കവികൾ കവിത അവതരിപ്പിക്കും.
ദ്രാവിഡ ഭാഷാ പുരസ്കാരദാനം, പുസ്തക പ്രകാശനങ്ങൾ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് എന്നിവ ഉണ്ടാകും. 28, 29 തീയതികളിൽ വൈകുന്നേരം ആറിന് കാവ്യാർച്ചന, പുസ്തക സമർപ്പണം. 29ന് വൈകുന്നേരം ആറ് മുതൽ നൃത്ത സന്ധ്യ, കൈകൊട്ടിക്കളി, തിരുവാതിര, കേരള കലാമണ്ഡലത്തിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പയ്യാവൂർ ഉണ്ണികൃഷ്ണന്റെ ഗാനാർച്ചന, അഞ്ജന രാജേഷിന്റെ ക്ലാസിക്കൽ നൃത്തം എന്നിവ നടക്കും.
മേയ് ഒന്നിനും രണ്ടിനും വൈകുന്നേരം ആറു മുതൽ പുസ്തക സമർപ്പണം, കാവ്യാർച്ചന. മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ നവപുരം ദ്വിദിനസാഹിത്യ ക്യാമ്പ് ആരംഭിരിക്കും. നവീന കവിതയുടെ രസതന്ത്രം, കഥയുടെ കാലത്രയം, നാടോടി സാഹിത്യവും ആധുനികസാഹിത്യവും, ബാലസാഹിത്യത്തിന്റെ സാംസ്കാരിക വഴക്കങ്ങൾ, സംസ്കാര നിർമിതിയിൽ സാഹിത്യത്തിന്റെ പങ്ക് തുടങ്ങിയവയിൽ സെമിനാർ നടക്കും.
മേയ് നാലിന് രാവിലെ ഒന്പത് മുതൽ ചെറുശേരി കലാസാഹിത്യ സഭ, മൗലിക കൃതികളുടെ അവതരണം, നവപുരം കലാസാഹിത്യ പുരസ്കാരദാനം, പ്രതിഭകൾക്ക് ആദരം പുസ്തക പ്രകാശനങ്ങൾ, മികച്ച പുസ്തകങ്ങളെക്കുറിച്ച് പുസ്തക സംവാദം മുതലായ നടക്കും. 4.30ന് കൊടിയിറക്കം.