സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ആറളം ഗോത്രവർഗ മേഖല സന്ദർശിച്ചു
1544907
Thursday, April 24, 2025 2:02 AM IST
ഇരിട്ടി: ആറളം ഗോത്രവർഗ മേഖല സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ സന്ദർശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം വിഭാവനം ചെയ്ത രീതിയിൽ ഭക്ഷ്യ ധാന്യങ്ങൾ ശരിയായ അളവിലും ഗുണനിലവാരത്തിലും ഗുണഭോക്താകൾക്ക് ലഭിക്കുന്നുണ്ടോ എന്നുള്ള പരിശോധനയുടെ ഭാഗമായാണ് സന്ദർശനം നടത്തിയത്. ഫാമിലെ അങ്കണവാടികൾ, ഗോത്രവർഗ ഉന്നതികളിലെ വീടുകൾ, റേഷൻകട എന്നിവ കമ്മീഷൻ സന്ദർശിച്ചു.
മൂന്നു വയസിൽ താഴെയുള്ള കുട്ടികളുടെ പോഷകാഹാര വിതരണം, മൂന്നു വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികളുടെ പോഷകാഹാര വിതരണം, ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണം, ജനനി ജന്മരക്ഷാ പദ്ധതിയുടെ രജിസ്ട്രേഷൻ എന്നീ കാര്യങ്ങളെകുറിച്ച് കമ്മീഷൻ വിശദമായി അന്വേഷിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ബ്ലോക്ക് ഒന്‍പതിൽ പുതിയ റേഷൻ കട അനുവദിക്കണമെന്ന് താമസക്കാർ കമ്മീഷൻ ചെയർമാനോട് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകി.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് മെംബർ മിനി ദിനേശൻ, ജില്ലാ സപ്ലൈ ഓഫിസർ ജി. സുമ, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ ബി. ജയശങ്കർ, ജൂണിയർ സൂപ്രണ്ട് കെ.വി. ബിജു, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.കെ.സന്തോഷ്, പീറ്റർ ചാൾസ്, മുഹമ്മദ് ആഷിഖ്, കമലാക്ഷൻ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ പി.എ. ബിന്ദു, ഇരിട്ടി സിഡിപിഒ ഷീന എം. കണ്ടത്തിൽ, സൂപ്പർവൈസർമാരായ ടി.കെ. ബീന, ജിസ്മി, ഫുഡ് സേഫ്റ്റി ഓഫിസർ മഹേഷ്, എസ്ടിഡിഡി ജില്ലാ ഓഫിസർ, ടിആർഡിഎം, ഫാം അഡ്മിനിസ്ട്രേഷൻ ഓഫിസർ ഡോ. കെ.പി. നിധീഷ്കുമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘവും സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാനൊപ്പമുണ്ടായിരുന്നു.