പയ്യാമ്പലം ശ്മശാനത്തിലെ വീഴ്ച; ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നിർദേശം
1544914
Thursday, April 24, 2025 2:02 AM IST
കണ്ണൂര്‍: കോര്‍പറേഷനു കീഴിലുള്ള പയ്യാമ്പലം ശ്മശാനത്തിലേക്ക് ആവശ്യമായ വിറക്, ചിരട്ട എന്നിവ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ്തല നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു.തുടര്‍ച്ചയായി അവധിദിവസങ്ങൾ വന്നതിന്റെ പ്രയാസങ്ങളാണ് ഉണ്ടായത്.
ശവദാഹത്തിൽ പോലും രാഷ്ട്രീയം കലർത്തി നേട്ടം കൊയ്യാൻ പറ്റുമോ എന്ന് കരുതുന്ന സിപിഎം, ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത് പോലെ ശവദാഹം പൂര്‍ണമായും നിലയ്ക്കുന്ന ഒരു സാഹചര്യവും പയ്യാമ്പലത്ത് ഉണ്ടായിട്ടില്ല.
കോർപ്പറേഷൻ പരിധിയിൽ നിന്ന് മാത്രമല്ല സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധി മൃതദേഹങ്ങൾ ദിവസം തോറും പയ്യാമ്പലത്ത് ശവദാഹത്തിനായി എത്തുന്നുണ്ട്. ശരാശരി പത്തോളം മൃതദേഹങ്ങളാണ് ഇത്തരത്തിൽ എത്തിച്ചേരുന്നത്. പരാതികൾ ഇല്ലാതെ നടത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നുമുണ്ട്. പ്രസ്തുത ദിവസം തന്നെ ആവശ്യമായ വിറക് ശ്മശാനത്തില്‍ ഇറക്കിയിട്ടുണ്ട്. കൂടാതെ ഡിപ്പാര്‍ട്ട്മെന്റലായി തന്നെ 15 ടണ്ണോളം വിറക് ഇറക്കി സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്.
വസ്തുത ഇതായിരിക്കെ കോർപറേഷനെതിരേ ആയുധം തേടി നടക്കുന്ന സിപിഎം-ബിജെപി മുന്നണി നടത്തിയ സംയുക്ത നാടകമായിരുന്നു കഴിഞ്ഞദിവസം അരങ്ങേറിയതെന്നും മേയർ പറഞ്ഞു.