കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അവഗണന അവസാനിപ്പിക്കണം
1544924
Thursday, April 24, 2025 2:02 AM IST
കണ്ണൂര്‍: കണ്ണൂർ സർവകലാശാല സമാന്തര മേഖലയിലെ വിദ്യാർഥികളെ അവഗണിച്ച് പഠന സാഹചര്യം നിഷേധിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
റഗുലർ മേഖലയിലെ വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തിയിട്ടും ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താൻ പോലും സർവകലാശാല തയാറായിട്ടില്ല. രണ്ടുമാസം മുമ്പ് സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോള്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടപടികൾക്ക് ഐടി വിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ജൂണിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്പോൾ പരീക്ഷ നടത്താതെ എങ്ങിനെ തുടർപഠനം സാധ്യമാകുമെന്ന് ആശങ്കയിലാണ് വിദ്യാർഥികളെന്നും അസോസിയേഷൻ ഭാരവാഹികൾ ചോദിച്ചു.
1500 വിദ്യാര്‍ഥികളാണ് പ്രൈവറ്റായി രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. രജിസ്ട്രേഷന് ഫീസും പരീക്ഷാ ഫീസും ഉള്‍പ്പെടെ ഒരു വിദ്യാര്‍ഥിയില്‍ നിന്ന് 16000 രൂപ അടയ്ക്കുന്നുണ്ട്
.
എന്നാൽ സ്റ്റഡി മെറ്റീരിയലുകളോ കോൺടാക്ട് ക്ലാസുകളോ കൃത്യമായി ലഭിച്ചിട്ടില്ല. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ അവസ്ഥയും സമാനരീതിയിലാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ സിലബസ് പോലും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിലബസും സ്റ്റഡി മെറ്റീരിയലുകളും നല്‍കിയിട്ടില്ല.
ഇതേ നിലപാടാണ് യൂണിവേഴ്സിറ്റികൾ തുടരുന്നതെങ്കിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് അസോസിയേഷൻ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പാരലൽ കോളജ് അസോസിയേഷന് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, സി. അനിൽകുമാർ, എൻ.വി.പ്രസാദ്, പി.എസ്.അനന്ദ നാരായണൻ എന്നിവർ പങ്കെടുത്തു.