പയ്യന്നൂർ സെന്റ് തോമസ് പള്ളി തിരുനാൾ തുടങ്ങി
1545192
Friday, April 25, 2025 1:53 AM IST
പയ്യന്നൂർ: തലശേരി അതിരൂപതയിലെ പ്രഥമ സെന്റ് തോമസ് തീർഥാടന കേന്ദ്രമായ പയ്യന്നൂർ സെന്റ് തോമസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് വയലിങ്കൽ കൊടിയേറ്റിയതോടെയാണു തിരുനാൾ ആരംഭിച്ചത്. തുടർന്നുള്ള തിരുക്കർമങ്ങൾക്ക് എടാട്ട് കപ്പുച്ചിൻ ആശ്രമം റെക്ടർ ഫാ. തോമസ് കളപ്പുരക്കൽ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 4.30ന് നടക്കുന്ന ലത്തീൻ ക്രമത്തിലുള്ള കുർബാനക്ക് കേളോത്ത് അമലോത്ഭവ മാതാ പള്ളി വികാരി ഫാ. ലിന്റോ സ്റ്റാൻലി കാർമികത്വം വഹിക്കും. തുടർന്ന് വാഹനങ്ങളുടെ വെഞ്ചരിപ്പ്. തിരുനാൾ ജാഗരമായ 26ന് വൈകുന്നേരം 4.20 ന് നടക്കുന്ന ആഘോഷമായ കുർബനക്ക് കീഴ്പള്ളി സെന്റ് ചാവറ പള്ളി വികാരി ഫാ. ആന്റണി കിടാരത്തിൽ മുഖ്യകാർമികത്വം വഹിക്കും. 27ന് വൈകുന്നേരം 4.20ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ പ്രധാന കാർമികത്വവും ഫാ. അമൽ സഹകാർമികത്വവും വഹിക്കും. തുടർന്ന് രൂപം എഴുന്നള്ളിപ്പ്, സാമുദായിക ദിനാചരണം എന്നിവയോടെ തിരുനാൾ സമാപിക്കും.
മാർപ്പാപ്പയുടെ വേർപാടിനെ തുടർന്ന് ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കിയെന്നും ആധ്യാത്മിക തിരുക്കർമങ്ങൾ മാത്രമുള്ള തിരുനാളാണ് നടത്തുന്നതെന്നും ഇടവക വികാരി അറിയിച്ചു.