ഇന്ത്യ ഭരിക്കുന്നത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാർ: കെ.സുധാകരൻ
1545182
Friday, April 25, 2025 1:53 AM IST
കണ്ണൂർ: എഐസിസി പ്രസിഡന്റായിരുന്ന ഏക മലയാളിയും ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യാന്തര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വ്യക്തിയുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ അനുസ്മരണ വേളയിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് ചേറ്റൂരിനെ അവഗണിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് സുധാകരന്റെ വിമർശനം.
"ചേറ്റൂരിനെ ഓർക്കാൻ ബിജെപി എപ്പോഴാണ് വന്നത്? എല്ലാ ഡിസിസികളും എല്ലാ വർഷവും അദ്ദേഹത്തെ ഓർമിക്കാറുണ്ടെന്നും സുധാകരൻ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. പഹൽഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാക്കിസ്ഥാന് നൽകാൻ കഴിഞ്ഞത്. രാഷ്ട്രത്തിനോടുള്ള ഉത്തരവാദിത്വം കാണിക്കാൻ പറ്റാത്ത പാർട്ടിയാണ് ബിജെപി രാജ്യസ്നേഹം തങ്ങളെ ബിജെപി പഠിപ്പിക്കേണ്ടന്നും സുധാകരൻ പറഞ്ഞു.
ഡിസിസി ആസ്ഥാനത്ത് നടന്ന ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയ്ക്കും സുധാകരൻ നേതൃത്വം നൽകി. ദേവ തീർഥ് എന്ന ഭിന്നശേഷി കാരനായ വിദ്യാർഥി വരച്ച ചേറ്റൂരിന്റെ ഛായാചിത്രം ചടങ്ങിൽ വച്ച് കെപിസിസി പ്രസിഡന്റിന് സമ്മാനിച്ചു. ബിജെപിക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസ് അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
പ്രഫ. എ.ഡി. മുസ്തഫ, സോണി സെബാസ്റ്റ്യൻ ,പി ടി. മാത്യു, വി.എ. നാരായണൻ ,സജീവ് മാറോളി ,വി.വി. പുരുഷോത്തമൻ, ടി.ഒ. മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, ഷമ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂർ , രാജീവൻ എളയാവൂർ,റിജിൽ മാക്കുറ്റി, വി.പി. അബ്ദുൽ റഷീദ് , രജനി രാമാനന്ദ് ,കെ.പി. സാജു, കെ. പ്രമോദ്, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, പി. മുഹമ്മദ് ഷമ്മാസ് ,ശ്രീജ മഠത്തിൽ,വിജിൽ മോഹനൻ എന്നിവർ പങ്കെടുത്തു.