ബംഗാള്‍ സ്വദേശിയുടെ കൊലപാതകം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
1544923
Thursday, April 24, 2025 2:02 AM IST
കാസര്‍ഗോഡ്: ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി സ്വദേശി സുശാന്ത റോയിയെ (28) കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരനായ സഞ്ജിത് റോയിയെ (35) ആണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. 21ന് പുലര്‍ച്ചെ 1.10ഓടെയാണ് സുശാന്തയെ വര്‍ക്ക് സൈറ്റില്‍ വായില്‍ നിന്ന് ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പാണ് സുശാന്ത കാസര്‍ഗോട്ടെത്തുന്നത്. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ആനബാഗിലുവില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണതൊഴിലാളിയായിരുന്നു. സംഭവദിവസം സുശാന്ത അമിതമായി മദ്യപിച്ച് അക്രമസക്തനാവുകയും വര്‍ക്ക് സൈറ്റില്‍ ഉണ്ടായ മറ്റുള്ളവരോട് ബഹളം വയ്ക്കുകയും റോഡില്‍ കൂടി പോകുന്നവരെ അസഭ്യം പറയുകയും ചെയ്തിരുന്നു.
സമീപത്തു താമസിക്കുന്ന മലയാളി തൊഴിലാളികളുടെ അടുത്തുപോയി വഴക്കുണ്ടാക്കി. തിരിച്ചുവന്ന് സഞ്ജിത്തിനോട് തട്ടിക്കയറുകയും മർദിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ സഞ്ജിത് കൈയില്‍ കിട്ടിയ മരക്കഷ്ണമെടുത്ത് സുശാന്തയുടെ കഴുത്തിനിട്ട് അടിച്ചു. അടികൊണ്ട് സുശാന്ത് റോയ് കുറച്ച് ദൂരം നടന്ന് നിലത്തു വീണുമരിക്കുകയായിരുന്നു. സഞ്ജിത്തിനെതിരെ ബിഎന്‍എസ് 105 (മനഃപൂര്‍വമല്ലാത്ത നരഹത്യ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സുശാന്തയുടെ സഹോദരിയെയാണ് സഞ്ജിത് വിവാഹം ചെയ്തിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ പി.നളിനാക്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.