നന്ദിയോടെ നല്ലയിടയനെ യാത്രയാക്കാൻ ബസിലിക്കയിൽ ചെമ്പേരി ഇടവകാ സമൂഹം ഒരുമിച്ചുകൂടുന്നു
1545184
Friday, April 25, 2025 1:53 AM IST
ചെമ്പേരി: ദിവംഗതനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ദിനത്തിൽ ചെമ്പേരി ബസിലിക്ക ഇടവകാ സമൂഹം പ്രത്യേക പ്രാർഥനകൾക്കായി ബസിലിക്കയിൽ ഒരുമിച്ചുകൂടുന്നു. നാളെ രാവിലെ ഏഴിന് ബസിലിക്കയിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് തുരുത്തേൽ, ഫാ. ജോസഫ് ചെറുകരക്കുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.
2024 മേയ് 11നാണ് ഫ്രാൻസിസ് മാർപാപ്പ കുടിയേറ്റ സിരാകേന്ദ്രമായ ചെമ്പേരി ലൂർദ് മാതാ പള്ളിയെ സീറോ മലബാർ സഭയുടെ അഞ്ചാമത്തെ ബസിലിക്കയായി പ്രഖ്യാപിച്ചതും തുടർന്ന് ഓഗസ്റ്റ് 14 ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ബസിലിക്കയായി ഉയർത്തിയതും.
പ്രതിദിനം നൂറുകണക്കിനു വിശ്വാസികൾ തീർഥാടനം നടത്തുന്ന ബസിലിക്ക പള്ളി ചെമ്പേരി പ്രദേശത്തിന് ഒരു അനുഗ്രഹമാണ്. തങ്ങളുടെ പള്ളിയെ ബസിലിക്കയായി ഉയർത്തിയ ഫ്രാൻസിസ് മാർപാപ്പയോടുള്ള നന്ദി സൂചകമായആണ് ചെമ്പേരി ഇടവകസമൂഹം ബസിലിക്കയിൽ ഒത്തുചേരുന്നത്. ബസിലിക്കയിൽ രാവിലെ മുതൽ ആരംഭിക്കുന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുമെന്ന് ബസിലിക്ക റെക്ടർ അറിയിച്ചു.
ഇടവകാ കോ-ഓർഡിനേറ്റർ സുനിൽ നായിപുരയിടത്തിൽ, ട്രസ്റ്റിമാരായ ജോൺസൺ പുലിയുറുമ്പിൽ, ജോയി കൊച്ചുകാലായിൽ, ടോമി കിളിയംകുന്നേൽ, ജോഷി പരിയാരത്തുകുന്നേൽ, സെക്രട്ടറി ജോസ് കാളിയാനിയിൽ, സോണൽ കൺവീനർമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.