ജാമ്യത്തിലിറങ്ങി മുങ്ങി; വിവാഹ ഫോട്ടോ സമൂഹമാധ്യമത്തിലിട്ട യുവാവ് കുടുങ്ങി
1545180
Friday, April 25, 2025 1:53 AM IST
കുമ്പള: ലഹരിക്കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനുശേഷം വിവാഹം കഴിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിലിട്ട യുവാവിനെ എക്സൈസ് സംഘം ഭാര്യവീട്ടിൽ നിന്നു പിടികൂടി. പൈവളിഗെ പഞ്ചായത്തിലെ കുടൽമേർക്കള സ്വദേശി എടക്കാന വിഷുകുമാറി (34) നെയാണ് സമൂഹമാധ്യമങ്ങളിലിട്ട വിവാഹഫോട്ടോ കുടുക്കിയത്. ബേള ധർമത്തടുക്ക സ്വദേശിയായ യുവതിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. എക്സൈസ് സംഘത്തെ കണ്ട് കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2019 മുതൽ 2023 വരെയുള്ള കാലത്ത് കർണാടകയിൽ നിന്നുള്ള മദ്യക്കടത്തും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിലെ പ്രതിയായിരുന്നു വിഷുകുമാർ. ഈ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കർണാടകയിൽ പലയിടങ്ങളിലായി ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചിരുന്നെങ്കിലും എക്സൈസ് സംഘത്തിന് ഇയാളെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവാഹഫോട്ടോ നാട്ടുകാരാരോ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവാഹം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികളുമായി ബന്ധപ്പെട്ടാണ് എക്സൈസ് അധികൃതർ വധുവിന്റെ മേൽവിലാസം കണ്ടെത്തിയത്. വീട് നിരീക്ഷിച്ചപ്പോൾ വിഷുകുമാർ ഇവിടെ വരാറുണ്ടെന്ന് വ്യക്തമായി.
കഴിഞ്ഞദിവസം ഇയാൾ വീട്ടിലുണ്ടെന്നറിഞ്ഞാണ് എക്സൈസ് സംഘമെത്തിയത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എം.അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പീതാംബരന്, സിവില്‍ എക്സൈസ് ഓഫീസര്‍ എം.എം.അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പൊക്കിയത്.