"ആ സിസ്റ്റേഴ്സിനു സന്തോഷമായോ..'; പാപ്പ മരിക്കാത്ത ഓർമകൾ..
1545183
Friday, April 25, 2025 1:53 AM IST
സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച്
(പ്രൊവിൻഷ്യൽ സൂപ്പീരിയർ, തലശേരി സെന്റ് ജോസഫ് പ്രോവിൻസ് )
റോമിൽ മാർപാപ്പയ്ക്ക് സമർപ്പിക്കാൻ ഫാ. മനോജ് ഒറ്റപ്ലാക്കൽ വരച്ചു നൽകിയ ചിത്രവുമായായിരുന്നു എന്റെ യാത്ര. ഒൗദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഞാൻ ജർമനിയിലെത്തിയപ്പോഴേയ്ക്കും ഫാ. മനോജ് കാറപകടത്തിൽ മരിക്കുന്നു. പാപ്പയ്ക്ക് ഓപ്പറേഷൻ മൂലം പൊതുദർശനങ്ങൾ ഒഴിവായി. വിശ്രമശേഷം പിതാവ് ജൂലൈ 31 നേ വരൂ. ഓഗസ്റ്റ് രണ്ടിന് ലിസ്ബണിൽ പിതാവിന് യുവജന സമ്മേളനവും. എനിക്ക് നാലിന് തിരിച്ചു പോന്നേ പറ്റൂ. ഈ സാഹചര്യത്തിൽ വ്യക്തിപരമായ ഒരു കൂടിക്കാഴ്ച സ്വപ്നത്തിൽ പോലും ചിന്തിക്കാനാകില്ല. അറിഞ്ഞവരും അനുമതി നല്കേണ്ടവരും പറഞ്ഞു ആ ചിത്രം സിസ്റ്റർ ആരെയെങ്കിലും ഏല്പിച്ചു പോകട്ടെയെന്ന്.
പക്ഷെ സംഭവമറിഞ്ഞ ഫ്രാൻസിസ് പാപ്പ പറഞ്ഞു ഒന്നിന് ആ സിസ്റ്റർ ചിത്രവുമായി ഇങ്ങുവരട്ടെ. സാന്ത മർത്തയിലെ സന്ദർശന മുറിയിൽ ഞങ്ങൾ രണ്ടു സിസ്റ്റേഴ്സ് പാപ്പായുടെ സെക്രട്ടറിയായ വൈദികനൊപ്പം നിൽക്കുമ്പോൾ അദ്ഭുതനിമിഷങ്ങളായിരുന്നു അത്.
തിരുഹൃദയ സന്യാസിനി സമൂഹം നടപ്പാക്കുന്ന വേറിട്ട പരിപാടിയായ തിരുഹൃദയ സംസ്കാരത്തിന്റെ അംഗീകാര പത്രം ഒപ്പിട്ടു നല്കി. ഇതിനെല്ലാമുപരി കരുതലിനു അതിരുകളില്ലെന്നു ഞെട്ടലോടെ പഠിപ്പിച്ച നിമിഷമായിരുന്നു അന്ന് അത്താഴത്തിനു സെക്രട്ടറി അച്ചനെ കണ്ടപ്പോൾ "ആ സിസ്റ്റേഴ്സിനു സന്തോഷമായോ..' എന്ന പാപ്പയുടെ ഒരു ചോദ്യം. ഹൃദയം കൊണ്ട് ചേർത്തു പിടിച്ച് ഒപ്പമെന്ന ഭാവം പകർന്ന് മരിച്ചാലും മറക്കാത്ത ഓർമയാക്കി.... ലോകത്തിനും സ്വർഗത്തിനും പ്രിയപ്പെട്ടവനായ ഫ്രാൻസിസ് മാർപാപ്പ.