രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം കണ്ണൂരിൽ ഒരുങ്ങുന്നു
1544922
Thursday, April 24, 2025 2:02 AM IST
കണ്ണൂർ: ആയുർവേദത്തിന്റെ അനന്ത സാധ്യതകളിലേക്ക് തുറക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം കണ്ണൂർ ജില്ലയിലെ പടിയൂർ-കല്യാട് പഞ്ചായത്തിൽ ഒരുങ്ങുന്നു. 311 ഏക്കറിലാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ആദ്യഘട്ടം പൂർത്തിയാക്കുന്നതിന് 300 കോടിരൂപയാണ് വകയിരുത്തിയത്.
ആയുർവേദത്തിന്റെ സമഗ്ര വികസനം, അമൂല്യമായ ഔഷധ സസ്യങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടും. ആയുർവേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയവും ഒരുക്കും.അത്യാധുനിക സൗകര്യങ്ങളുള്ള റിസർച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തിൽ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ വയോജനങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ, കാൻസർ എന്നിവയിൽ ഗവേഷണം ആരംഭിക്കും.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാർക്കുള്ള ക്വാട്ടേഴ്സ്, ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കുമുള്ള ഹൗസിംഗ് സംവിധാനം എന്നിവ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാകും. പഴമയും പുതുമയും കൂടിച്ചേർന്ന് അത്യാധുനിക സംവിധാനങ്ങളോടെയാകും സെന്ററിന്റെ നിർമാണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരമായതിനാൽ വലിയ രീതിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കാൻ കഴിയും.