കിണർ വെള്ളം മലിനമായി; പരിഹാരം കാത്ത് വീട്ടുകാർ
1544915
Thursday, April 24, 2025 2:02 AM IST
തളിപ്പറമ്പ്: വർഷങ്ങളായി ഉപയോഗിക്കുന്ന കിണറുകൾ മലിനമായതിനെ തുടർന്ന് കുടിവെള്ളത്തിനായി കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായി. തളിപ്പറമ്പ് നഗരസഭയിലെ ഏഴാംമൈലിലെ കെ. ഷെരീഫ്, തൃച്ചംബരത്തെ പി.വി. പ്രകാശൻ എന്നിവരുടെ വീടുകളിലെ കിണർ വെള്ളമാണു മലിനമായത്.
തൃച്ചംബരം ദേശീയ പാതയോരത്ത് തളിപ്പറമ്പ് നഗരസഭ 26-ാം വാർഡിൽ കഴിഞ്ഞ 56 വർഷമായി താമസക്കാരനാണ് റിട്ട. എസ്ഐ പി.വി. പ്രകാശനും കുടുംബവും. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണു കിണറ്റിലെ വെള്ളത്തിന് അസ്വാഭാവികമായ ഗന്ധവും നിറവ്യത്യാസവും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നഗരസഭ കൗൺസിലറെ വിവരമറിയിക്കുകയും കിണർ വെള്ളം പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളം മുഴുവൻ മാറ്റി കിണർ ശുചീകരിച്ചു. എന്നാൽ, തുടർന്നും കിണറ്റിലെ വെള്ളത്തിന് നിറവ്യത്യസവും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെ മലിനജല ടാങ്കുകൾ ചോർന്നതാകാം വെള്ളം മലിനമാകാൻ കാരണമെന്നാണു കരുതുന്നതെന്ന് പ്രകാശൻ പറയുന്നു.
ഇപ്പോൾ വീണ്ടും കിണർ ശുചീകരിച്ചെങ്കിലും പഴയരീതിയിൽ വെള്ളം മലിനമായിരിക്കുകയാണ്. ജപ്പാൻ കുടിവെള്ളമാണ് ഏകആശ്രയം. എല്ലാ ദിവസവും വെള്ളം ലഭിക്കാത്തത് ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി പരിശോധന നടത്തി വെള്ളം മലിനമാകുന്നതിന്റെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കണമെന്നാണു പ്രകാശൻ ആവശ്യപ്പെടുന്നത്.
ഏഴാംമൈലിലെ കെ. ഷെരീഫിന്റെയും സഹോദരിയുടെയും വീട്ടിലെ കിണർ വെള്ളം കഴിഞ്ഞ ഡിസംബർ 20 മുതൽ ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ മലിനമായിരിക്കുകയാണ്. ദുർഗന്ധവും നിറവ്യത്യാസവും കാരണം അടുത്ത വീട്ടിൽ നിന്നും കൊണ്ടുവരുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. രണ്ട് കുട്ടികൾക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായി.