ഉദ്ഘാടനം ചെയ്യാനിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന് നേരേ ആക്രമണം
1532083
Wednesday, March 12, 2025 1:22 AM IST
കൂത്തുപറമ്പ്: ടൗണിന് സമീപം എലിപ്പറ്റച്ചിറയിൽ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കാറ്ററിംഗ് സെന്ററിനു നേരേ ആക്രമണം. മൗവ്വേരിയിലെ കെ.പി. അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള പാരിസ് കഫേ കാറ്ററിംഗ് സെന്ററിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. സ്നാക്സ് കൗണ്ടർ, ഹട്ട്, ബെഞ്ചുകൾ, ഡസ്കുകൾ, വാട്ടർ ടാങ്ക്, ഫ്രിഡ്ജ്, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ തകർത്തു. പല ഉപകരണങ്ങളും സമീപത്തെ പറമ്പിൽ വലിച്ചെറിഞ്ഞ നിലയിലാണ്.
അംഗപരിമിതനായ അബ്ദുൾ റഷീദ് സുഹൃത്തുക്കളായ ഷിഹാബ് മൊട്ടമ്മൽ, കെ. സജേഷ് എന്നിവരുടെ സഹകരണത്തോടെയാണ് കാറ്ററിംഗ് സെന്റർ ആരംഭിക്കാനിരുന്നത്. എല്ലാ നിർമാണവും പൂർത്തീകരിച്ച കാറ്ററിംഗ് സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു. കാറ്ററിംഗ് സെന്ററിൽ സ്ഥാപിച്ച സിസിടിവിയിൽ രണ്ടംഗ സംഘം ആക്രമണം നടത്തുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം സഥാപനത്തിൽ നോമ്പുതുറ നടത്തിയിരുന്നു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. അതിനു ശേഷം പുലർച്ച ഒന്നു വരെ ഇവിടെ ആളുകൾ ഉണ്ടായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.