മാലിന്യമുക്ത സമൂഹത്തിന് കൂട്ടായ പരിശ്രമം വേണം: മന്ത്രി കടന്നപ്പള്ളി
1531403
Sunday, March 9, 2025 8:15 AM IST
കണ്ണൂർ: മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സന്പൂർണ മാലിന്യ മുക്ത നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിലുള്ള ഹരിതോത്സവം കളക്ടറേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായിരുന്നു മന്ത്രി. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി സ്റ്റാർ പദവി നേടിയ റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, അയൽക്കൂട്ടങ്ങൾ, സംഘടനകൾ എന്നിവയെ ആദരിച്ചു. ജില്ലയിലെ ടെൻസ്റ്റാർ നേടിയ 67 വിദ്യാലയങ്ങളും ആദരവ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച അഞ്ച് ഹരിത കുടുംബശ്രീ അയൽക്കൂട്ടങ്ങളായ അഴീക്കോട് പഞ്ചായത്തിലെ വാത്സല്യം, ചിറക്കൽ പഞ്ചായത്തിലെ ഉദയം, പാപ്പിനിശേരി പഞ്ചായത്തിലെ പഞ്ചമി,വളപട്ടണം പഞ്ചായത്തിലെ ജ്വാല, ചെമ്പിലോട് പഞ്ചായത്തിലെ ഉദയ എന്നിവയെയും ആദരിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സഹകരിച്ച വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും ആദരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ഭൂമിയുടെ കാവൽക്കാർ, പെരളശേരി പഞ്ചായത്തിന്റെ പച്ചപ്പ് എന്നീ നാടകങ്ങളും ചെറുതാഴം പഞ്ചായത്തിന്റെ സംഗീത ശില്പവും ഗ്രാമകേളി കലാ തീയറ്റേഴ്സിന്റെ സ്വാഗത ഗാനാവതരണവും നടന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽകുമാർ, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ഇ.സി. വിനോദ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.സി. സുധീർകുമാർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ, മാലിന്യമുക്തം നവകേരളം കോ-ഓർഡിനേറ്റർ സുനിൽ ദത്തൻ, കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി. രത്നാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, കില റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, കെ.വി. സലീം എന്നിവർ പങ്കെടുത്തു.