ബഹുഭാഷാ പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു
1531478
Monday, March 10, 2025 12:53 AM IST
കാസര്‍ഗോഡ്: രാജ്യത്ത് ഒരു സര്‍വകലാശാലയുടെ കീഴില്‍ നടത്തുന്ന ഏക ബഹുഭാഷാപഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാലു മാസം. 2022 മാര്‍ച്ചില്‍ കാസര്‍ഗോഡ് ചാലയിലെ കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ വലിയ ആഘോഷമായി തുടങ്ങിയതാണ് പഠനകേന്ദ്രം. അന്നത്തെ വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എ.സാബു, സിന്‍ഡിക്കറ്റ് അംഗം കെ.അശോകന് എന്നിവരുടെ താല്പര്യ പ്രകാരമാണ് കേന്ദ്രത്തിന് തുടക്കം കുറിച്ചത്.
ബഹുഭാഷകളുടെയും സംസ്കാരങ്ങളുടെയും വികസനവും സംരക്ഷണവും എന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം നടപ്പിലാക്കുകയായിരുന്നു ബഹുഭാഷാ പഠന കേന്ദ്രത്തിലൂടെ ഉദ്ദേശിച്ചത്. ഡോ.എ.എം. ശ്രീധരന് ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടറായും ചുമതലയേറ്റു. കഴിഞ്ഞ 16നു രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒരു പ്രതിഫലവും കിട്ടാതെയായിരുന്നു അദ്ദേഹത്തിന്റെ സേവനം.
പദ്ധതി സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചെങ്കിലും വൈസ് ചാന്‍സലര്‍ പണമില്ലെന്നു പറഞ്ഞതിന്റെ പേരില്‍ അതു കടലാസില്‍ മാത്രമായി.
ബഹുഭാഷകളുടെ പുരോഗതിക്ക് ഗോപിനാഥ് രവീന്ദ്രന് തുടങ്ങിവച്ച ആശയങ്ങള്‍ക്ക് തുടര്‍ വൈസ് ചാന്‍സലര്‍മാരുടെ പിന്തുണ കിട്ടാതായതോടെയാണ് പദ്ധതിയും നിലച്ചതെന്ന് ആരോപണമുണ്ട്. നേരത്തേ ഉറുദു, കൊങ്കിണി, ബ്യാരി, കന്നഡ, ഹവ്യക്, കരാട ഭാഷകളിലെ നിഘണ്ടുവും മഞ്ചേശ്വരം ഗോവിന്ദ പൈ രചിച്ച കന്നഡ കവിതകളുടെ മലയാള വിവര്‍ത്തനവും തയാറാക്കി മികച്ച നിലയില്‍ മുന്നോട്ടു പോവുകയായിരുന്നു ബഹുഭാഷാപഠനകേന്ദ്രം. പക്ഷേ മറാഠി, കന്നഡ, ഹവ്യക്, കരാട ഭാഷകളുടെ നിഘണ്ടു തയാറാക്കിയത് പ്രസിദ്ധീകരിക്കുന്നതില്‍ സര്‍വകലാശാല താല്പര്യമെടുത്തില്ല.
മൂന്നു രാജ്യാന്തര സെമിനാറുകള്‍, ആറു ദേശീയ സെമിനാര്‍, കന്നഡ, മലയാളം, തുളു വിവര്‍ത്തന ശില്പശാല, ലോക ഉര്‍ദു സമ്മേളനം എന്നിവ നടത്തിയിരുന്നു.
കേന്ദ്രസര്‍വകലാശാല, മൈസൂരു ആസ്ഥാനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്, കേരള സര്‍വകലാശാല, നാട്യരത്നം കണ്ണന് പാട്ടാളി ട്രസ്റ്റ്, ഫോക് ലാന്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയവയുടെ സഹായത്തോടെ വിവിധ ഭാഷാ സാംസ്കാരിക പരിപാടികളും നടത്തി.
എന്നാല്‍ നവംബര്‍ ഒമ്പതിനുശേഷം ഈ കേന്ദ്രത്തില്‍ ഒരു പദ്ധതിയും നടക്കുന്നില്ല. മൂന്നു വര്‍ഷം മുന്‍പ് ഇവിടത്തെ കന്നഡ ഭാഷാ പഠന വിഭാഗവും അധികൃതര്‍ അടച്ചു പൂട്ടിയിരുന്നു. കന്നഡ പഠനവിഭാഗത്തിനു കീഴില്‍ അറബിക്, കന്നഡ, തുളു ഭാഷകിലയി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തിയതാണ്. കോവിഡ് കാലത്ത് ഇതിനു വേണ്ടി 19 പേര് 5,000 രൂപ വീതം പരീക്ഷാ ഫീസ് അടച്ചിരുന്നു.
എന്നാല്‍ ഇവര്‍ക്കുള്ള പരീക്ഷ സര്‍വകലാശാല നടത്തിയില്ല. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്സും നിലച്ചു. സര്‍വകലാശാലയുടെ നിലപാട് ജില്ലയിലെ ബഹുഭാഷകളുടെ വികസനത്തിന് തടസമാവും.
ഇതിനിടെ നീലേശ്വരം പി.കെ.രാജന് മെമ്മോറിയല്‍ മലയാളം പഠനവിഭാഗം സര്‍വകലാശാലയുടെ കണ്ണൂര്‍ ആസ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്.