തീരം തീറെഴുതി നൽകാനുള്ള നീക്കം ഉപേക്ഷിക്കുക: ബിഷപ് ഡോ. വടക്കുംതല
1531473
Monday, March 10, 2025 12:53 AM IST
തലശേരി: വികസനത്തിന്റെ പേരിൽ കരിമണൽ ഖനനത്തിലൂടെ തീരദേശത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തി തീരം കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.
തലശേരി ചാലിൽ സെന്റ് പീറ്റേഴ്സ് ഹാളിൽ നടന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപത ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അവരുടെ ജീവനോപാധി ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽനിന്നു പിന്മാറണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള തടസങ്ങൾ നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ജനറൽ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കൂടാതെ വലിയ സമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരേ കണ്ണൂർ രൂപതയിലെ എല്ലാ യൂണിറ്റുകളും പോരാടാൻ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അനുഗ്രഹഭാഷണം നടത്തി. സംഘടനാതല വിശകലനം സംസ്ഥാന ട്രഷറർ രതീഷ് ആന്റണി അവതരിപ്പിച്ചു.
യൂണിറ്റ് ശക്തീകരണത്തെക്കുറിച്ച് മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ വിഷയാവതരണം നടത്തി. 2024-25 വർഷത്തെ വാർഷിക റിപ്പോർട്ട് രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് അവതരിപ്പിച്ചു. ഫാ. തോംസൺ കൊറ്റിയത്ത് ,ഫാ. മാത്യു തൈക്കൽ , സംസ്ഥാന സെക്രട്ടറി ജോൺ ബാബു, റോജസ് ഫെർണാണ്ടസ്, കെ.എച്ച്. ജോൺ, പ്രീത സ്റ്റാൻലി, എലിസബത്ത് കുന്നോത്ത്, ബോബി ഫെർണാണ്ടസ്, ഡിക്സൺ ബാബു, ഫ്രാൻസിസ് അലക്സ്, റിക്സൺ ജോസഫ്, വിൽഫ്രഡ് സാജൻ , ബാബു ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.