എഡിഎം നവീൻ ബാബുവിന്റെ മരണം; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കണം: മാർട്ടിൻ ജോർജ്
1531476
Monday, March 10, 2025 12:53 AM IST
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സമഗ്രമായ തുടരന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ മാത്രമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. അത്തരത്തിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ എത്തുമെന്ന കാര്യം മുൻകൂട്ടി അറിഞ്ഞിട്ടും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അക്കാര്യം മറച്ചുവയ്ക്കുകയും ദിവ്യ പിന്നീട് പറഞ്ഞ കള്ളങ്ങളെ ന്യായീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കളക്ടർ ആരുടെയൊക്കെയോ സമ്മർദങ്ങൾക്ക് വഴങ്ങി കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. നവീൻ ബാബുവിനെതിരെയായ കൈക്കൂലി ആരോപണം തെളിയിക്കാൻ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. നവീൻ ബാബുവിനെ വ്യാജ ആരോപണമുന്നയിച്ച് വ്യക്തിഹത്യ നടത്തി കൊലയ്ക്ക് കൊടുക്കാനുള്ള കൃത്യമായ ഗൂഢാലോചനയാണ് നടന്നതെന്ന് ഇപ്പോൾ പുറത്തുവന്ന അന്വേഷണ റിപ്പോർട്ടോടെ കൂടുതൽ വ്യക്തമായിരിക്കുകയാണന്ന് മാർട്ടിൻ പറഞ്ഞു.
അരുൺ കെ. വിജയനെ കണ്ണൂരിൽ തുടരാൻ അനുവദിച്ചത് സിപിഎമ്മിന്റെ ഉന്നത നേതൃത്വം ഇടപെട്ടാണെന്ന് വ്യക്തം. നവീൻ ബാബുവിന്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന അന്വേഷണ റിപ്പോർട്ട്. ഇതിന്മേൽ എന്തു നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.
പി.പി. ദിവ്യയെ മാത്രം പ്രതി ചേർത്ത് ഈ ഗൂഢാലോചനയിൽ പങ്കാളികളായ മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് തുടക്കത്തിലേ നടന്നത്. ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ ആദ്യമേ ചൂണ്ടിക്കാട്ടിയതാണ്. പരസ്പര വിരുദ്ധമായ മൊഴികൾ ആണ് ജില്ലാ കളക്ടർ അന്വേഷണ ഉദ്യോഗസ്ഥനും മാധ്യമങ്ങൾക്കും നൽകിയത്.
നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പിക്കാനുള്ള പോരാട്ടം കോൺഗ്രസ് തുടരും. നവീൻ ബാബു മരിച്ച ശേഷവും ആ കുടുംബത്തെ വേട്ടയാടാനാണ് സിപിഎം മുതിർന്നത്. കൈക്കൂലിക്കാരൻ ആയ ഒരു ഉദ്യോഗസ്ഥനായി നവീൻ ബാബുവിനെ ചിത്രീകരിക്കാൻ സിപിഎം നേതാക്കൾ മത്സരിക്കുകയായിരുന്നു.
ദിവ്യയെ കുറ്റ വിമുക്തയാക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ദിവ്യ പറഞ്ഞതിൽ തെറ്റില്ലെന്നും അതുന്നയിച്ച രീതി ശരിയായില്ലെന്നുമുള്ള കണ്ടെത്തലാണ് സിപിഎം നേതൃത്വം നടത്തിയത്. ഇല്ലാത്ത കൈക്കൂലി ആരോപണം ഉന്നയിക്കുകയും അതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെ മാനസികമായി തകർക്കുകയും ചെയ്ത സംഭവത്തിൽ സത്യാവസ്ഥ പുറത്തുവരുന്നത് വരെ നിയമപരമായും രാഷ്ട്രീയമായും ഉള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.