കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്
1532070
Wednesday, March 12, 2025 1:22 AM IST
ചെറുപുഴ: ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിച്ച് പരിക്കേല്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ രാജഗിരിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കോഴിച്ചാൽ കട്ടപ്പള്ളി സ്വദേശി ജിസ് ജോസഫിനെയാണ് (30) കാട്ടുപന്നി ആക്രമിച്ചത്. യൂത്ത് ഫ്രണ്ട്-എം പുളിങ്ങോം മണ്ഡലം പ്രസിഡന്റാണ് ജിസ്.
സ്കൂട്ടർ സഹിതം ജിസിനെ ഇടിച്ച് കാട്ടുപന്നി ഓവുചാലിൽ വീഴിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിസിനെ രക്ഷിച്ചത്. ഇയാൾ പുളിങ്ങോം കാരുണ്യ മെഡിക്കൽ സെന്ററിൽ ചികിൽസ തേടി. ജിസിന്റെ ഇടതുകൈയിലും കാലിലും പരിക്കേറ്റു. കാട്ടുപന്നികൾ കാരണം കർഷകന് കൃഷിയിടത്തിലും യാത്രക്കാർക്ക് റോഡിലും ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുമേനി പരുത്തിക്കല്ലിൽ റബർ പാലെടുക്കാൻ പോയ കർഷകനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. കൂടെയുണ്ടായിരുന്ന വളർത്തുനായ്ക്കളാണ് ഇയാളെ കാട്ടുപന്നിയിൽ നിന്നും രക്ഷിച്ചത്. അധികൃതർ കാട്ടുപന്നി ശല്യം പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ശക്തമാണ്.