നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ നടന്ന അഴിമതി അന്വേഷിക്കണം: കോൺഗ്രസ്
1531485
Monday, March 10, 2025 12:53 AM IST
ഇരിട്ടി: സിപിഎം നിയന്ത്രണത്തിലുള്ള കോളജ് തുടങ്ങാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രസിഡന്റായി രൂപീകരിച്ച നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ ഒരു കോടിയോളം രൂപയുടെ പണപിരിവ് നടത്തി തിരിമറി നടത്തിയതായി കോൺഗ്രസ് ആരോപിച്ചു. കോളജ് സ്ഥാപിക്കാൻ ഒരു സെന്റ് ഭൂമിപോലും സ്വന്തമായി വാങ്ങാതെ 2017 മാർച്ച് മാസം 18 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ കൊണ്ടുവന്ന് ശിലാഫലകം ഉദ്ഘാടനം നടത്തിയത് അല്ലാതെ നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ പേരിൽ സ്വന്തമായി സ്ഥലമേ കെട്ടിടമോ കഴിഞ്ഞ എട്ട് വർഷമായി നിലവിലില്ല.
മലയോര മേഖലയിലെ സാധാരണക്കാരെക്കൊണ്ട് നിർബന്ധിച്ച് ഷെയർ എടുപ്പിച്ച് ഓരോ വ്യക്തികളിൽ നിന്നും ആയിരം മുതൽ അഞ്ചു ലക്ഷം രൂപ വരെ വാങ്ങിയതല്ലാതെ ഇതിന് വ്യക്തമായ കണക്കോ, ഈ പണം എവിടെ നിക്ഷേപിച്ചുവെന്നോ നിക്ഷേപകർക്കു പോലും അറിയില്ല. സൊസൈറ്റിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും അക്കൗണ്ടിൽ തുച്ഛമായ പണം മാത്രമാണ് എത്തിയിട്ടുള്ളതെന്ന് കോൺഗ്രസ് അറിയിച്ചു.
നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജെയ്സൺ കാരക്കാട്ട്, വി.ടി. തോമസ്, സാജു യോമസ്, തോമസ് വർഗീസ്, സി. അഷ്റഫ്, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, ജെയിൻസ് ടി. മാത്യു, വി. ശോഭ, ഷാനിദ് പുന്നാട്, രാജി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.