വന്യജീവി ആക്രമണം: ഏകദിന ഉപവാസം നടത്തി
1531483
Monday, March 10, 2025 12:53 AM IST
പയ്യാവൂർ: വന്യജീവികളിൽ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കാടത്തം നിറഞ്ഞ വനം-വന്യജീവി നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) ഇരിട്ടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ഏകദിന ഉപവാസം നടത്തി. വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങളിലെ നേതാക്കളും രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുത്ത ഉപവാസം യുസിഎഫ് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പള്ളിവാതുക്കൽ ഉദ്ഘാടനം ചെയ്തു. യുസിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സജി കാക്കനാട്ട് അധ്യക്ഷത വഹിച്ചു.
മലയോര മേഖലയിലെ ജനങ്ങളെ അവിടെ നിന്നും കുടിയിറക്കി വനവും വനവിഭവങ്ങളും കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുന്നതിനായുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിനാണ് കേന്ദ്രവും സംസ്ഥാനവും ഇക്കാലങ്ങളിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വന്യജീവികളും ക്ഷുദ്രജീവികളും കൃഷി നശിപ്പിക്കുന്നതിനാൽ കേരളം കാർഷിക പ്രവർത്തനങ്ങളിൽ പിന്നാക്കം പോകുകയാണെന്നും ഉത്പാദനം ഇല്ലാത്ത ഈ നാട് നാശത്തിന്റെ വക്കിലാണെന്നും അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി കോ-ഓർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം പറഞ്ഞു.
ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറി, കോൺഗ്രസ് നുച്യാട് മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് മണിപ്പാടത്ത്, കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സെക്രട്ടറി വർഗീസ് പള്ളിച്ചിറ, എസ്വിഎസ് ജില്ലാ പ്രസിഡന്റ് പി.ജി. കുഞ്ഞപ്പൻ, യുസിഎഫ് ഉത്തരമേഖല കോ-ഓർഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്, പാസ്റ്റർ ബിൻസ്, പാസ്റ്റർ ബിജു യുസിഎഫ് കണ്ണൂർ സെക്രട്ടറി ജോർജ് പുളിയ്ക്കക്കുന്നേൽ, ട്രഷറർ ബെന്നി പണ്ടാരശേരിൽ എന്നിവർ പ്രസംഗിച്ചു.