നന്മകൾ കുടുംബത്തിൽനിന്ന് കണ്ടുപഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാക്കണം: മാർ ജോസഫ് പണ്ടാരശേരിൽ
1531815
Tuesday, March 11, 2025 2:04 AM IST
കണ്ണൂർ: എല്ലാ നന്മകളും മൂല്യങ്ങളും കുടുംബത്തിൽനിന്ന് കണ്ടുപഠിക്കാൻ മക്കൾക്ക് മാതാപിതാക്കൾ അവസരം ഉണ്ടാക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. കോട്ടയും അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മാസിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനാഘോഷം പയ്യാവൂർ സെന്റ് ആൻസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഹായമെത്രാൻ.
വർത്തമാന കാലത്ത് കുടുംബങ്ങളിൽ നിന്ന് മൂല്യങ്ങൾ ചോർന്നു പോകുകയാണ്. കുടുംബത്തിലെ മൂല്യങ്ങൾ ചോർന്നുപോകാതെ നിലനിർത്താൻ സ്ത്രീകൾ പരിശ്രമിക്കണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. മടന്പം ഫൊറോന വികാരി. ഫാ. സജി മെത്താനത്ത് അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. മാസ് സെക്രട്ടറി ഫാ. സിബിൻ കൂട്ടുകല്ലുങ്കൽ, പയ്യാവൂർ സെന്റ് ആൻസ് പള്ളിവികാരി. ഫാ. ബിബിൻ അഞ്ചന്പിൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് മലബാർ റീജണൽ സുപ്പീരിയർ സിസ്റ്റർ ഷീന മുട്ടത്തിൽ, മാസ് മടന്പം മേഖല കോ-ഓർഡിനേറ്റർ റെനി സിബി എന്നിവർ പ്രസംഗിച്ചു.
മാസ് സ്വാശ്രയ സംഘം അംഗങ്ങളായ വനിതാ സംരംഭകരെ മാർ ജോസഫ് പണ്ടാരശേരിൽ മെമന്റോ നൽകി ആദരിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സര വിജയികൾക്ക് മാർ ജോസഫ് പണ്ടാരശേരിൽ, ഫാ. സജി മെത്താനത്ത് എന്നിവർ കാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു. ക്ഷയരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. കെ.സി. പ്രവീണ് ക്ലാസെടുത്തു. ദിനാഘോഷത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ യൂണിറ്റുകളിലെ 250 വനിതകൾ പങ്കെടുത്തു. മാസ് സ്റ്റാഫംഗങ്ങൾ നേതൃത്വം നല്കി.