ചൂട്: പുഴകൾ വറ്റിതുടങ്ങി
1532064
Wednesday, March 12, 2025 1:22 AM IST
ആലക്കോട്: വേനൽ കടുത്തതോടെ മലയോരത്തെ പുഴകൾ വറ്റിത്തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് തുലാമഴ കുറവായിരുന്നതിനാൽ നേരത്തെ മുതൽ തന്നെ പുഴകളിൽ വെള്ളം കുറവായിരുന്നു. ജല സംരക്ഷണത്തിന് തീവ്ര ശ്രമം ഉണ്ടായില്ലെങ്കിൽ കുടി വെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ജനം ബുദ്ധിമുട്ടേണ്ടി വരും.
അനിയന്ത്രിതമായി കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുഴയിലെ വെള്ളം പമ്പ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജലക്ഷാമം അതിരൂക്ഷമാകും. പുഴയിലെ ജലം മലിനമാകാതിരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ആവശ്യമായിരിക്കെ അധിക്യതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
മുൻകാലങ്ങളിൽ പുഴയിൽ വെള്ളത്തിന്റെ അളവ് കുറയുന്ന സമയങ്ങളിൽ മീൻ പിടിക്കുന്നതിനുവേണ്ടി തോട്ടയിട്ടും തുരിശ്കലക്കിയും ജലം മലിനമാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പുഴകളിൽ മത്സ്യങ്ങൾ അടക്കം ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു.
നീരൊഴുക്ക് കുറയുന്നതോടെ പുഴകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു വെള്ളം സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
പുഴയിലെ വെള്ളം ക്രമീകരിച്ചു നിർത്താൻ പുഴയുടെ പല ഭാഗങ്ങളിൽ മണൽ ചാക്കിട്ട് തടയണ നിർമിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
പുഴവെള്ളം മലിനമാകുന്ന തരത്തിൽ വാഹനങ്ങൾ കഴുകുന്നതും ഓലകൾ നിക്ഷേപിക്കുന്നതും തടയാൻ നടപടി ഉണ്ടാകണമെന്നും കുടക് വനാതിർത്തിൽ നിന്ന് ആരംഭിച്ച് മലയോരത്തെ ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളിൽ കൂടി ഒഴുകി കുപ്പം പുഴയിൽ എത്തിച്ചേരുന്ന രയറോം പുഴയും പൈതൽമലയുടെ രണ്ടു ഭാഗങ്ങളിൽ നിന്നായി ഉത്ഭവിക്കുന്ന ആലക്കോട്, കരുവൻചാൽ പുഴയും വറ്റിവരണ്ട നിലയിലാണ്. അതോടെ പുഴയോട് ചേർന്നുള്ള പ്രധാന ടൗണുകളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.