ലഹരി മാഫിയക്കെതിരേ ജനജാഗ്രത കർമപരിപാടിയുമായി കോൺഗ്രസ്
1532079
Wednesday, March 12, 2025 1:22 AM IST
കണ്ണൂർ: ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുകയാണെന്നും വിദ്യാർഥികളുടെയും യുവ ജനങ്ങളുടെയും ഭാവി അപകടത്തിലാക്കും വിധം ഭയാനകമാണെന്നും ഡിസിസി നേതൃ യോഗം വിലയിരുത്തി.
കോളജ് കാമ്പസുകളെയും വിദ്യാലയങ്ങളെയുമാണ് ലഹരി മാഫിയ കേന്ദ്രമാക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും സർക്കാരും പോലീസും ഉറവിടത്തെ കണ്ടെത്തി തടയാനുള്ള നടപടികൾക്ക് നേതൃത്വം നൽകണമെന്നും ജില്ലാ കോൺഗ്രസ് നേതൃയോഗം ആവശ്യ പ്പെട്ടു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരേ ജാഗ്രത പുലർത്തുന്ന തിനും ലഹരി വിരുദ്ധ പ്രചാരണങ്ങൾക്കും കർമ പരിപാടി തയാറാക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
17ന് ലഹരി മാഫിയക്കെതിരേ ജനജാഗ്രത എന്ന മുദ്രാവാക്യ മുയർത്തി ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും.
പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കും. വാർഡ് തലത്തിൽ സ്ക്വാർഡുകൾ രൂപീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ലഹരി മാഫിയക്കെതിരേ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ചണിനിരക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അഭ്യർഥിച്ചു.
യോഗത്തിൽ നേതാക്കളായ പി.എം. നിയാസ്, വി.എ. നാരായണൻ, പി.ടി. മാത്യു, സജീവ് മാറോളി, ടി.ഒ. മോഹനൻ, എം.പി. ഉണ്ണികൃഷ്ണൻ, രാജീവൻ എളയാവൂർ, മുഹമ്മദ് ബ്ലാത്തൂർ, എം.കെ. രാജൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.