എം.വി. ജയരാജൻ സെക്രട്ടറി സ്ഥാനം ഒഴിയും; കണ്ണൂർ ഉറ്റുനോക്കുന്നത് പകരക്കാരനെ
1531474
Monday, March 10, 2025 12:53 AM IST
കണ്ണൂർ: സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻസ്ഥാനം ഒഴിയും. ഇതോടെ കണ്ണൂരിൽ പാർട്ടിയെ ആരു നയിക്കുമെന്നതാണ് പാർട്ടി പ്രവർത്തകർ ഉറ്റുനോക്കുന്നത്. എം.വി. ജയരാജനെ കൂടാതെ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയാണ് കണ്ണൂരിൽനിന്ന് സെക്രട്ടേറിയറ്റിലെത്തിയ മറ്റൊരാൾ. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയാണ് കെ.കെ. ശൈലജ. എം.വി. ജയരാജന് പകരക്കാരനായി മൂന്നു പേരുകളാണ് പരിഗണനയിലുള്ളത്. ടി.വി. രാജേഷ്, കെ.കെ. രാഗേഷ്, പനോളി വത്സൻ എന്നിവരിൽ ആരെങ്കിലും സെക്രട്ടറിയാകാനാണ് സാധ്യത. ഇതിൽ ടി.വി. രാജേഷിന് നേരത്തെ ആക്ടിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചു പോന്ന പരിചയസന്പത്തുണ്ട്.
എം.വി. ജയരാജൻ പാർലമെന്റിലേക്ക് മത്സരിക്കുന്ന വേളയിലാണ് ടി.വി. രാജേഷ് ആക്ടിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചത്. എസ്എഫ്ഐയിലൂടെ സിപിഎമ്മിലെത്തിയ ടി.വി. രാജേഷ് മുൻ എംഎൽഎയുമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ് മുൻ എംപി കൂടിയായ കെ.കെ. രാഗേഷ്. എസ്എഫ്ഐയിലൂടെയാണ് രാഗേഷും സിപിഎമ്മിലെത്തുന്നത്. ഇവർ രണ്ടു പേരുമല്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗമായ പനോളി വത്സനെയാകും പരിഗണിക്കുക. അതിനിടെ കെ.കെ. രാഗേഷാണ് ജില്ലാ സെക്രട്ടറിയാകുന്നതെങ്കിൽ ഒഴിവുവരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മുൻ എംഎൽഎയായ എം. പ്രകാശനെയോ യുവനേതാവായ ബിജു കണ്ടക്കൈയെയോ നിയമിക്കാനും സാധ്യതയുണ്ട്.