അനില്‍ തൃച്ചംബരത്തിന്റെ കരുതലിൽ വിരിഞ്ഞത് 31 നീര്‍ക്കോലിക്കുഞ്ഞുങ്ങള്‍
1532082
Wednesday, March 12, 2025 1:22 AM IST
തളിപ്പറമ്പ്: വംശനാശ ഭീഷണി നേരിടുന്ന നീര്ക്കോലിപാമ്പുകളുടെ മുട്ടകള്‍ വിരിഞ്ഞു പുറത്ത് വന്നത് 31 കുഞ്ഞുങ്ങൾ. വനംവകുപ്പിന്റെ റസ്ക്യൂവറും വന്യജീവി-പരിസ്ഥിത സംഘടനയായ മാർക്ക് അംഗവുമായ അനിൽ തൃച്ചംബരത്തിന്റെ കരുതലിലാണ് നശിച്ചു പോകുമായിരുന്നു മുട്ടകൾ വിരിയിച്ചെടുത്തത്. ഫെബ്രുവരി 17 ന് ചവനപ്പുഴ ജോണി എന്നയാളുടെ കൃഷിയിടത്തില്‍നിന്നാണ് പാമ്പിന് മുട്ടകള്‍ ലഭിച്ചത്. ഏത് പാമ്പിന്റെ മുട്ടകളാണെന്ന് അറിയാത്തതിനാല്‍ നാട്ടുകാരുടെ ഭീതിയെതുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ്കൃഷ്ണന്റെ നിർദേശപ്രകാരം അനില്‍ തൃച്ചംബരം മുട്ടകള്‍ ശേഖരിച്ച് സംരക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് 31 മുട്ടകൾ വിരിഞ്ഞത്. ഇനിയും കുറച്ച് മുട്ടകൾ കൂടി വിരിയാനുണ്ട്.
മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറത്ത് വയലുകളിലും തോടുകളിലും കുളങ്ങളിലും ധാരാളം കണ്ടിരുന്ന നീർക്കാലി ഇപ്പോൾ കടുത്ത വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്. കുളങ്ങളിലുള്ള സോപ്പുപയോഗം, വയലുകളിലെ കീടനാശിനി പ്രയോഗം, രാസവളങ്ങൾ, യന്ത്രസംവിധാനത്തിലൂന്നിയുള്ള കൃഷി രീതി, നവീകരണത്തിന്റെ ഭാഗമായി കുളം, തോട് തുടങ്ങിയവയുടെ ഭിത്തികൾ കോൺക്രീറ്റ് ചെയ്യൽ എന്നിവയെല്ലാം നീർക്കാലികളുടെ ആവാസ വ്യവസ്ഥയക്ക് ഭീഷണിയായതാണ് വംശനാശ ഭീഷണിക്ക് കാരണം.
സാധാരണഗതിയില്‍ നീര്‍ക്കോലി പാടങ്ങളില്‍ കണ്ടുവരുന്ന ചെറിയ മാളങ്ങളിലും തോടുകളുടെയും കുളങ്ങളുടെയും കല്ലുകള്‍ക്കിടയിലും ആണ് മുട്ടയിടാറുള്ളത്. ഒരു തവണ 80 മുതല്‍ 100 വരെയും ചിലപ്പോള്‍ അതില്‍ കൂടുതലും മുട്ടയിടുമെന്നും അനിൽ പറഞ്ഞു.