പുഞ്ചക്കാട് വിശുദ്ധ യൗസേപ്പിതാവിന്റെ പള്ളിയിൽ തിരുനാൾ തുടങ്ങി
1531481
Monday, March 10, 2025 12:53 AM IST
പയ്യന്നൂർ: പുഞ്ചക്കാട് വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടനാലയത്തിലെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഏഴിമല ലൂർദ് മാതാ പള്ളിയിലെ മൊന്തനാരിയച്ചന്റെ കബറിടത്തിൽ നിന്നും ഏഴിമല ഇടവക വികാരി ഫാ. ജസ്റ്റിൻ എടത്തിൽ കൈമാറിയ പതാകയാണ് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് പുഞ്ചക്കാട് ഇടവക സഹവികാരി ഫാ. ഷിബു ജോസഫ് കൊടിയേറ്റിയത്. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കൽ കർമം ഇടവക വികാരി ഫാ. സന്തോഷ് വില്ല്യം നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. മാത്യു ഇമ്മാനുവൽ മുഖ്യകാർമികനായി.
ഇന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറരക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ. ലിന്റോ സ്റ്റാൻലി, ഫാ. ഷിബു ജോസഫ്, ഫാ. ജോൺസൺ നെടുംപറമ്പിൽ, ഫാ. ആൻസിൽ പീറ്റർ, ഫാ. പീറ്റർ പാറേക്കാട്ടിൽ, രൂപത പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത് എന്നിവർ കാർമികരാകും. 16ന് രാവിലെ ഒമ്പതിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. റോയി നേടുന്തനവും 17ന് വൈകുന്നേരം ആറരക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജസ്റ്റിൽ എടത്തിലും കാർമികത്വം വഹിക്കും. തുടർന്ന് ഇടവകയുടെ കലാസദ്യ.
തിരുനാൾ ജാഗരമായ 18ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജിനോ ചക്കാലക്കൽ മുഖ്യകാർമികനാകും. തുടർന്ന് കൊറ്റിയിലേക്ക് പ്രദക്ഷിണം.
തിരുനാൾ ദിവസമായ 19ന് രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസഫ് കൊറ്റിയത്ത് മുഖ്യ കാർമികനാകും. തുടർന്ന് സ്നേഹവിരുന്ന്. രാത്രി ഏഴരയ്ക്ക് മെഗാ മാർഗംകളി, തുടർന്ന് മ്യൂസിക്കൽ നൈറ്റ്. കൃതജ്ഞതാ ദിനമായ 20ന് ഫാ. ജോസഫ് പുളിന്താനത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.